സിപിഎം വിഭാഗീയത മുതലാക്കി ഇക്കുറി വയനാട് പൂതാടി പഞ്ചായത്ത് പിടിക്കാമെന്ന പ്രതീക്ഷയില്‍ ബിജെപി. സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് വരുന്ന സര്‍പ്രൈസ് സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മലവയല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
പൂതാടി പഞ്ചായത്തില്‍ കഴിഞ്ഞ തവണ 22ല്‍ മൂന്ന് സീറ്റ് നേടിയ ബിജെപി ഇക്കുറി സിപിഎമ്മിലെ വിഭാഗീയതയിലാണ് കണ്ണുവയ്ക്കുന്നത്. കര്‍ഷക സംഘം ജില്ലാ പ്രസിഡന്‍റ് എ.വി. ജയനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി സിപിഎമ്മില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവച്ചിരുന്നു. സിപിഎമ്മിലെ അസംതൃപ്തരുടെ വോട്ടും നിലവില്‍ ബിജെപിക്ക് പഞ്ചായത്തിലുള്ള മെച്ചപ്പെട്ട സ്വാധീനവും മുതലാക്കി യുഡിഎഫില്‍ നിന്ന് ഭരണം പിടിക്കാമെന്നാണ് കണക്കുകൂട്ടല്‍. സിപിഎമ്മില്‍ നിന്ന് ചില പ്രമുഖരെ ബിജെപി പാളയത്തില്‍ എത്തിച്ച് സ്ഥാനാര്‍ഥികളാക്കാനും ശ്രമം നടക്കുന്നുണ്ട്.
സ്വാധീന മേഖലകളായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, കോട്ടത്തറ പഞ്ചായത്തുകളിലാണ് ബിജെപി ഇക്കുറി കുറച്ച് അധികം സീറ്റുകള്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞതവണ കുറഞ്ഞ വോട്ടുകള്‍ക്ക് നഷ്ടമായ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കൃത്യമായ ആസൂത്രണത്തോടെ ആണ് പ്രവര്‍ത്തനം. ജില്ലയിലെ മുനിസിറ്റിപ്പാലിറ്റികളില്‍ അക്കൗണ്ട് തുറക്കാനുള്ള ശ്രമങ്ങളും സജീവമാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും മത്സരിച്ചിട്ടും കഴിഞ്ഞ പെതുതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വോട്ടുകള്‍ കൂടിയതിന്‍റെ സ്വാധീനം തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് കണക്കുകൂട്ടുകയാണ് നേതൃത്വം.