ടൗണിലെ വാഹന പാര്‍ക്കിങ്ങിന്‍റെ പേരില്‍ അന്യായ പിഴ ചുമത്തുന്നതിന് എതിരെ വയനാട് മാനന്തവാടിയിലെ സിപിഎം പ്രാദേശിക നേതൃത്വവും ട്രാഫിക്ക് പൊലീസും തമ്മില്‍ നേര്‍ക്കുനേര്‍ രംഗത്ത്. പിഴ ഈടാക്കുന്നതിലെ അപാകത വിശദീകരിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടയാളെ പരിഹസിച്ചുകൊണ്ട് ട്രാഫിക്ക് എസ്.ഐ രംഗത്തുവന്നതും വിവാദമായി.
മാനന്തവാടി ടൗണില്‍ എവിടെ നോക്കിയാലും നോ–പാര്‍ക്കിങ് ബോര്‍ഡുകള്‍ മാത്രമാണ്. വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്താലും പിഴകിട്ടും. കുറച്ചുനാളായി ട്രാഫിക് പൊലീസും യാത്രക്കാരും തമ്മില്‍ തര്‍ക്കം പതിവാണ്. ഗാന്ധിപാര്‍ക്കിന് സമീപം സിപിഎം പ്രവര്‍ത്തകര്‍ ട്രാഫിക് പൊലീസുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതോടെ ആണ് വിഷയം രാഷ്ട്രീയമായി വലിയ ചര്‍ച്ചയായത്. ഇതിന്‍റെ തുടര്‍ച്ചയെന്നോണം സിപിഎം നേതാവായ നഗരസഭ കൗണ്‍സില്‍ അംഗം വിപിനോട് പൊലീസ് മോശമായി പെരുമാറിയെന്നാണ് ആക്ഷേപം. ഇതോടെ പാര്‍ട്ടിയും ട്രാഫിക് പൊലീസും കൊമ്പുകോര്‍ക്കുന്ന അവസ്ഥയിലെത്തി.
യാതൊരു പാര്‍ക്കിങ് സൗകര്യവും ഇല്ലാത്ത ടൗണില്‍ ട്രാഫിക് പൊലീസ് ശത്രുതാപരമായി ഇടപെടുന്നുവെന്നാണ് ആക്ഷേപം. ട്രാഫിക് പൊലീസ് ഭരത്ചന്ദ്രന്‍ കളിക്കുകയാണെന്ന് ഫെയ്സ്ബുക്കില്‍ വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി പോസ്റ്റുകള്‍ ഇടേണ്ടെന്ന പരിഹാസവുമായി ട്രാഫിക് എസ്.ഐ തന്നെ രംഗത്തുവന്നത് വലിയ കോലാഹലമുണ്ടാക്കി. ഹോംഗാര്‍ഡുകള്‍ അടക്കം വാഹനങ്ങളുടെ ഫോട്ടോ എടുത്ത് പിഴ ചുമത്തുമ്പോള്‍ ദിവസം മുഴുവന്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നുവെന്നും ആക്ഷേപമുണ്ട്.