വയനാട് ജില്ലയില്‍ ഗോത്രവിഭാഗത്തില്‍പെട്ട കുടുംബങ്ങളുടെ വീട് നിര്‍മാണം പാതിവഴിയില്‍ നിലച്ചിട്ട് വര്‍ഷങ്ങളായി. തറകെട്ടിയതും പാതി ചുമര്‍കെട്ടിയതുമായ നിര്‍മിതികള്‍ സ്‌മാരകം പോലെ നിലകൊള്ളുമ്പോള്‍ മറുവശത്ത് ചോര്‍ന്നൊലിക്കുന്ന കീറഷെഡ്ഡുകളിലാണ് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബം ഈ തുലാവര്‍ഷക്കാലം തള്ളിനീക്കുന്നത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വീട് നിര്‍മാണത്തിനുള്ള ഫണ്ടിന്‍റെ തുടര്‍ഘട്ടങ്ങള്‍ വൈകിപ്പിക്കുമ്പോള്‍ കുടുംബങ്ങള്‍ മഴയത്ത് ചോര്‍ന്നൊലിക്കുകയാണ്.
വനത്താല്‍ ചുറ്റപ്പെട്ട കാട്ടുനായ്ക്ക വിഭാഗം ഉന്നതിയാണ് വയനാട് പുല്‍പ്പള്ളി പള്ളിച്ചിറയിലേത്. പാതി കെട്ടിഉയര്‍ത്തിയ വീടുകള്‍ നോക്കി ഇവര്‍ നെടുവീര്‍പ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടാകുന്നു. ഏത് സമയവും കാട്ടാനകള്‍ തകര്‍ക്കാവുന്ന ഷീറ്റുകള്‍ കെട്ടിമറച്ചു താമസിക്കുന്ന കുറേ നിസഹായരായ മനുഷ്യര്‍ ഇവിടെയുണ്ട്.
ബാബുവിന്‍റെ കുഞ്ഞിന് ആറുമാസമാണ് പ്രായം. തുലാവര്‍ഷപ്പെയ്ത്ത് കനക്കുമ്പോള്‍ ഈ കുരുന്നിനെയും കൊണ്ട് നിര്‍ത്താതെയുള്ള ഓട്ടമാണ്. ഒരു കുഞ്ഞിനെ പോലും സംരക്ഷിക്കാന്‍ കരുത്തില്ലാത്ത ഈ മണ്‍ഷെഡ്ഡുകളില്‍ എങ്ങനെ ജീവിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
എത്രയും വേഗം പുതിയ വീട് വെച്ചുതരാമെന്ന് പറഞ്ഞ് ഇവരെ ഷെഡ്ഡിലേക്ക് മാറ്റിയതാണ്. രണ്ടു വര്‍ഷമാകുന്നു. പാതിവഴിയില്‍ സ്മാരകങ്ങളെ പോലെ നില്‍ക്കുകയാണ് വീടുകള്‍. പി.എം ജന്‍മന്‍ പദ്ധതി പ്രകാരം ആറ് ലക്ഷം രൂപ ചിലവില്‍ നിര്‍മിക്കുന്ന വീടുകളുടെ മൂന്നാംഘട്ട തുകയാണ് മുടങ്ങിയത്. പദ്ധതി നിര്‍വഹിക്കുന്ന പനമരം ബ്ലോക്കിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് വീടിന് പെര്‍മിറ്റ് ഇല്ലാത്തതുകൊണ്ട് പണം തരാന്‍ കഴിയില്ലെന്നാണ്.
കാട്ടുനായ്ക വിഭാഗം ഉള്‍പ്പെടുന്ന ഈ പ്രാക്തന ഗോത്രവിഭാഗങ്ങളുടെ നിര്‍മിതികള്‍ക്ക് ഇതില്‍ ഇളവുണ്ടെന്ന കാര്യം അറിയാത്തവരല്ല ഉദ്യോഗസ്ഥര്‍. ഏതു സമയത്തും കാട്ടാന തകര്‍ത്ത് എറിയാവുന്ന ഷെഡ്ഡുകളെ നോക്കിയാണ് ഈ ന്യായംപറച്ചില്‍. മനുഷ്യന്‍ എന്ന യാതൊരു പരിഗണയും കിട്ടാതെ കുറെ ജീവിതങ്ങള്‍ ഇവിടെ കഴിയുമ്പോളാണ് അടച്ചുറപ്പുള്ള വീടിനെപ്പറ്റിയും അതിദരിദ്രരെ ഇല്ലാതാക്കുന്നതിനെ കുറിച്ചും നമ്മുടെ സിസ്റ്റം വാതോരാതെ പ്രസംഗിക്കുന്നത്.