വയനാട് തിരുനെല്ലി ക്ഷേത്രത്തിലെ ബാങ്ക് നിക്ഷേപത്തെ ചൊല്ലി പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും. ഹൈക്കോടതി വിധിയുണ്ടായിട്ടും തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപത്തുക മടക്കി നല്‍കുന്നില്ലെന്നാണ് ആക്ഷേപം. എന്നാല്‍, 17 കോടിയില്‍ ഒന്‍പത് കോടി രൂപയും തിരികെ നല്‍കിയെന്നും മറ്റെല്ലാം രാഷ്ട്രീയ താത്പര്യങ്ങളാണെന്നും സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി പ്രതികരിച്ചു.
തിരുനെല്ലി– തൃശിലേരി ക്ഷേത്രങ്ങളിലെ സ്ഥിര നിക്ഷേപം രണ്ട് മാസത്തിനകം തിരിച്ചു നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടു എന്നാണ് ഉയരുന്ന ആക്ഷേപം. മലബാര്‍ ദേവസ്വം കമ്മിഷണറുടെ നിര്‍ദേശ പ്രകാരം 17 കോടിയുടെ സ്ഥിര നിക്ഷേപം ദേശസാല്‍കൃത ബാങ്കിലേക്ക് മാറ്റാനായിരുന്നു കോടതി ഉത്തരവ്. സിപിഎം നിയന്ത്രണത്തിലുള്ള തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്ക് ഈ തുക മടക്കിനല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസും ബിജെപിയും ബാങ്കിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.
എന്നാല്‍ 17 കോടിയില്‍ പല തവണയായി ഒന്‍പത് കോടി രൂപ തിരിച്ച് നല്‍കിയെന്ന് ബാങ്ക് ഭരണസമിതി. ബാക്കി തുകയ്ക്ക് സാവകാശം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും വിശദീകരണം. 70 വര്‍ഷമായി ക്ഷേത്രത്തിലെ ബാങ്ക് ഇടപാടുകള്‍ സുതാര്യമായാണ് നടത്തിവരുന്നത്. ഇതിന് പുറമേ, ജില്ലയിലെ സിപിഎം നിയന്ത്രണത്തിലുള്ള മറ്റ് നാല് സൊസൈറ്റികളില്‍ നിന്നും ക്ഷേത്രത്തിന് രണ്ട് കോടി രൂപയോളം തിരികെ ലഭിക്കാനുണ്ട്. നിയമ നടപടിയുമായി മുന്നോട്ടുപോകാനാണ് തിരുനെല്ലി ദേവസ്വത്തിന്‍റെ തീരുമാനം.