വായ്പാ തട്ടിപ്പിന് ഇരയായി ലക്ഷങ്ങളുടെ കടബാധ്യത നേരിടുന്ന നിക്ഷേപകര്‍ വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്കിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി. കോണ്‍ഗ്രസ് നേതാക്കളായ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ബാധ്യത തീര്‍ത്ത് സ്ഥലത്തിന്‍റെ രേഖകള്‍ മടക്കിത്തരണമെന്നാണ് ഇവരുടെ ആവശ്യം.
വായ്പാ തട്ടിപ്പിന് ഇരയായി ആത്മഹത്യ ചെയ്ത കേളക്കവല സ്വദേശി രാജേന്ദ്രന്‍ നായരുടെ ഭാര്യയും രണ്ട് മക്കളുമാണ് സഹകരണ ബാങ്കിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. ഇവരുടെ ഭൂരേഖകള്‍ വച്ച് ഇടനിലക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്തത് നാല്‍പ്പത് ലക്ഷത്തോളം രൂപ. ഒടുവില്‍ അറുപത് ലക്ഷം ഇവര്‍ക്ക് ബാധ്യതയായി. കൊല്ലപ്പള്ളി സജീവന്‍റെ അക്കൗണ്ടിലേക്കാണ് ഇത് പോയതെന്ന് രണ്ടര വര്‍ഷം മുന്‍പ് കണ്ടെത്തിയിട്ടും നടപടി ഇല്ല.
തട്ടിപ്പിന് ഇരയായവരുടെ ഭൂരേഖകള്‍ മടക്കി നല്‍കണമെന്നാണ് ആവശ്യം. ഇ.ഡി അന്വേഷണത്തില്‍ പ്രതികളാക്കപ്പെട്ടവരില്‍ നിന്ന് പണം തിരിച്ചുപിടിക്കണം. ഇതിനുള്ള സര്‍ച്ചാര്‍ജ് ഉത്തരവ് നടപ്പാക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് ഭരണസമിതി തയാറാകുന്നില്ലെന്നാണ് ആക്ഷേപം. ഏതാണ്ട് നാല്‍പ്പതോളം നിക്ഷേപകര്‍ തട്ടിപ്പിന് ഇരയായി പ്രതിസന്ധിയിലാണ്.
നിക്ഷേപകര്‍ അറിയാതെ രേഖകള്‍ ചമച്ച് തട്ടിപ്പ് നടത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ.കെ.അബ്രഹാം ഉള്‍പ്പടെയുള്ളവരാണ് പ്രതികള്‍. സഹകരണ വകുപ്പും ബാങ്ക് ഭരണസമിതിയും ഒത്തുകളിച്ച് നടപടികള്‍ നീട്ടുകയാണെന്നാണ് ജനകീയ സമര സമതിയുടെ ആക്ഷേപം.