വയനാട് പടിഞ്ഞാറത്തറയില്‍ പട്ടികജാതി ഉന്നതിയിലെ വീട് നിര്‍മാണത്തിന് തടസമായി, തകര്‍ന്ന് കിടക്കുന്ന റോഡ്. പ്രളയത്തില്‍ തകര്‍ന്ന പേരാല്‍–മുണ്ടന്‍ചോലക്കുന്ന് റോഡിലൂടെ വീടിനുള്ള നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവരാന്‍ കഴിയാതെ ഉന്നതി നിവാസികള്‍ കടുത്ത പ്രതിസന്ധിയിലാണ്.
2018ലെ പ്രളയത്തിലാണ് പടിഞ്ഞാറത്തറ പഞ്ചായത്തിലെ പേരാല്‍–മുണ്ടന്‍ചോലക്കുന്ന് എസ്.സി ഉന്നതിയിലേക്കുള്ള റോഡ് ഇടിഞ്ഞുപോയത്. വര്‍ഷം ഏഴ് കഴിഞ്ഞിട്ടും റോഡ് നന്നാക്കാന്‍ കഴിഞ്ഞില്ല. പട്ടികജാതിയില്‍ ഉള്‍പ്പെട്ട 20 കുടുംബങ്ങള്‍ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. ആളുകളുടെ യാത്രാക്ലേശം ഒരു വശത്ത്. മറുഭാഗത്ത് ആകട്ടെ, വലിയ വാഹനങ്ങള്‍ പോകാത്തതുകൊണ്ട് ഇവിടെ തുടങ്ങിയ ലൈഫ് വീടുകളുടെ നിര്‍മാണം പ്രതിസന്ധിയിലായി. സാമഗ്രികള്‍ ചുമന്ന് കൊണ്ടുപോകുന്നത് വലിയ സാമ്പത്തിക പ്രയാസമാണ് ഉണ്ടാക്കുന്നത്.
എസ്.സി കോര്‍പ്പസ് ഫണ്ട് വേഗത്തില്‍ ലഭ്യമാക്കി റോഡിന്‍റെ സംരക്ഷണഭിത്തി കെട്ടണമെന്നാണ് ആവശ്യം. മഴയത്ത് വീണ്ടും മണ്ണിടിയാന്‍ സാധ്യതയുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി കാരണം പല കുടുംബങ്ങളും ഇവിടെ നിന്ന് മാറി. നിലവില്‍ താഴ്ന്ന ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ അടിയന്തര നടപടികള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.