തേയില എസ്റ്റേറ്റ് പാടികളിലെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയ മേഖലയായിരുന്നു വയനാട്ടിലെ കമ്പമല. മാവോയിസ്റ്റ് ഭീഷണി ഒഴിഞ്ഞ ഇവിടെ വീണ്ടും ഇക്കോ ടൂറിസം കേന്ദ്രം സജീവമാകുകയാണ്. പാടികളുടെ ആദ്യഘട്ട നവീകരണം തുടങ്ങിയതോടെ ഏറെ പ്രതീക്ഷയിലാണ് തൊഴിലാളികള്‍.
ആഭ്യന്തര കലാപത്തില്‍ ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്തവരെ മാറ്റിപ്പാര്‍പ്പിച്ച കേന്ദ്രമാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ കമ്പമല. 1979ല്‍ വനം തെളിച്ച് ഇവിടെ തേയിലത്തോട്ടമാക്കി. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാടികളിലെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി മാവോയിസ്റ്റുകള്‍ ആക്രമണം തുടങ്ങിയപ്പോളാണ് രണ്ട് വര്‍ഷം മുന്‍പ് കമ്പമല വാര്‍ത്തകളില്‍ നിറഞ്ഞത്. ഇന്നിപ്പോള്‍ സ്ഥിതി മാറി.
ഇരുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പാടികളിലെ സൗകര്യങ്ങളില്‍ മാറ്റം വന്നു. ആസ്ബറ്റോസ് ഷീറ്റുകള്‍ മാറ്റിത്തുടങ്ങി. കുടിവെള്ള ടാങ്ക് അടക്കമുള്ള സൗകര്യങ്ങളാണ് ഇനി മെച്ചപ്പെടുത്തേണ്ടത്. വനംവികസന കോര്‍പ്പറേഷന്‍റെ കീഴിലുള്ള ഈ 250 ഏക്കര്‍ തോട്ടം കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം വീണ്ടും ആരംഭിച്ചതോടെ തൊഴിലാളികള്‍ പ്രതീക്ഷയിലാണ്. തൊഴിലവസരങ്ങള്‍ കൂടുതല്‍ ലഭിക്കും. ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ രണ്ടാം തലമുറയില്‍പെട്ട തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്. പാടികളുടെ നവീകരണത്തിന് വയനാട് പാക്കേജിന്‍റെ ഭാഗമായി സമര്‍പ്പിച്ച 1.7 കോടിയുടെ പദ്ധതി വേഗത്തില്‍ നടപ്പാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.