ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും ഗോത്ര ഉന്നതിയിലെ കുടുംബങ്ങള്‍ക്കും ഓണക്കിറ്റുമായി ഇത്തവണയും കുഞ്ഞുമുഹമ്മദ് എത്തി. തലച്ചുമടായിട്ടാണ് വയനാട്ടിലെ താത്തൂര്‍ മേഖലയിലെ ദുര്‍ഘടം പിടിച്ച വനപാതകളിലൂടെ കുഞ്ഞുമുഹമ്മദ് വീടുകളിലേക്ക് എത്തുന്നത്.
കുഞ്ഞുമുഹമ്മദ് തലച്ചുമടുമായി താത്തൂര്‍ ഉന്നതിയിലേക്കുള്ള യാത്രയിലാണ്. ഓണക്കാലത്തെ ഈ യാത്ര തുടങ്ങിയിട്ട് ഇത് പതിനഞ്ചാം വര്‍ഷം. അരിയും പഞ്ചസാരയും പച്ചക്കറിയും ഉള്‍പ്പെടെ പത്ത് സാധനങ്ങളാണ് ഈ ഓണക്കിറ്റിലുള്ളത്. വാഹനമെത്താത്ത ദുര്‍ഘടം പിടിച്ച വഴികളിലൂടെ കുഞ്ഞുമുഹമ്മദ് എത്തും. ഇതില്‍ ഗോത്ര ഉന്നതികളുണ്ട്. ഒറ്റപ്പെട്ടും അസുഖബാധിതരായി കഴിയുന്ന കുടുംബങ്ങളുണ്ട്. ഇവരുടെ സന്തോഷമാണ് കുഞ്ഞുമുഹമ്മദിന്‍റെ ഓണം.
കൂലിപ്പണിയെടുത്ത് കിട്ടുന്ന പണവും സുഹൃത്തുക്കളുടെ സഹായവും കൊണ്ടാണ് ഈ കിറ്റുകള്‍ നിറയുന്നത്. സ്കൂള്‍ തുറക്കുന്ന സമയത്തും ഗോത്രവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളുമായി ഇദ്ദേഹം ഉണ്ടാകും. ചെതലയത്ത് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ കുഞ്ഞുമുഹമ്മദ് നാടിനൊപ്പം ചേര്‍ന്ന് തീര്‍ക്കുന്നത് ഓണത്തിന്‍റെ സമാനതകള്‍ ഇല്ലാത്ത മാതൃകയാണ്.