പുതുതായി അഞ്ച് ക്വാറികള്‍ കൂടി തുടങ്ങാനുള്ള നീക്കം നടക്കുന്ന വയനാട് വെങ്ങപ്പള്ളി പഞ്ചായത്തില്‍ ആശങ്കയോടെ പ്രദേശവാസികള്‍. ജനവാസ മേഖലയുടെ നടുക്ക് ക്വാറികള്‍ തുടങ്ങാനുള്ള ശ്രമത്തിന് പിന്നില്‍ വഴിവിട്ട രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നിലവില്‍ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂന്ന് ക്വാറികളുണ്ട്. അതിര്‍ത്തിയില്‍ ഒന്നും. ഇതിന് പുറമേയാണ് പുതിയ അഞ്ച് ക്വാറികള്‍ക്ക് കൂടി അനുമതി നല്‍കാന്‍ നീക്കം നടക്കുന്നത്. ചൂരിയാറ്റയില്‍ രണ്ടും നീലാംകുന്നിലും കോടഞ്ചേരികുന്നിലും ഓരോ ക്വാറിയും പഞ്ചായത്ത് കെട്ടിടത്തിന് സമീപം മറ്റൊറു ക്വാറിയുമാണ് വരാന്‍ പോകുന്നത്. അനുമതി കൊടുത്താല്‍ ക്വാറിയാല്‍ ചുറ്റപ്പെട്ട വീടുകളില്‍ ജനജീവിതം ദുസഹമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
പല വീടുകളിലും ക്വാറി സ്ഫോടനത്തില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ഭാരവാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ പ്രദേശത്ത് റോഡുകളും തകര്‍ന്നു. ബിനാമി പേരില്‍ ഉന്നതരാണ് ക്വാറി അനുമതിക്ക് ശ്രമിക്കുന്നത് എന്നാണ് ആരോപണം. രാഷ്ട്രീയമായ വഴിവിട്ട ഇടപെടലും സംശയിക്കുന്നുണ്ട്. ക്വാറികള്‍ക്ക് കൂട്ടത്തോടെ അനുമതി നല്‍കാന്‍ നീക്കം ഉണ്ടായാല്‍ പ്രക്ഷോഭത്തിന് ഇറങ്ങാനാണ് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നീക്കം.