വയനാട് അമ്പലവയല്‍ ഇനി അവക്കാഡോ നഗരം എന്നാണ് അറിയപ്പെടുക. പുതിയ പദവി ലഭിച്ചതിന് പിന്നാലെ ഉത്പാദനത്തിലും വിപണനത്തിലും അവക്കാഡോയുടെ ഒരു അമ്പലവയല്‍ ബ്രാന്‍ഡ് വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കാര്‍ഷിക ഗവേഷണ കേന്ദ്രം.
വെണ്ണപ്പഴം എന്ന് നാട്ടുകാര്‍ വിളിക്കുന്ന അവക്കാഡോ. കുരുമുളകും കാപ്പിയും വിളയുന്ന വയനാടന്‍ മണ്ണ് നേരത്തെ വലിയ പ്രധാന്യം നല്‍കാതിരുന്ന അവക്കാഡോ ഇന്ന് വലിയ താരമാണ്. നല്ല വില കിട്ടിത്തുടങ്ങിയതോടെ ധാരാളം പേര്‍ ഈ കൃഷിയിലേക്ക് തിരിഞ്ഞു. വയനാട് അമ്പലവയലിലാണ് സംസ്ഥാനത്ത് തന്നെ ഈ പഴത്തിന്‍റെ ഏറ്റവും കൂടുതല്‍ ഉത്പാദനവും വിപണനവും നടക്കുന്നത്. അങ്ങനെയാണ് അവക്കാഡോ നഗരമായി അമ്പലവയലിനെ പ്രഖ്യാപിച്ചത്. 75 വര്‍ഷം മുന്‍പ് ബ്രിട്ടീഷ് കാലത്ത് വച്ചുപിടിപ്പിച്ച കേരളത്തിലെ ആദ്യത്തെ അവക്കാഡോ മരം അമ്പലവയലിലെ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഇപ്പോഴുമുണ്ട്. കേക്കുമുതല്‍ ഐസ്ക്രീം വരെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഈ പഴത്തില്‍ നിന്ന് ഉണ്ടാക്കാം. പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് ചര്‍മത്തിന്‍റെ തിളക്കം കൂട്ടുന്ന ഘടകങ്ങള്‍ ഇതിലുണ്ട്.
സീസണ്‍ ആകുമ്പോള്‍ ദിവസവും ശരാശരി 25 ടണ്‍ വരെ അവക്കാഡോ ഇവിടെ നിന്ന് കയറ്റി അയയ്ക്കും. നാലാം വര്‍ഷം കായ്ക്കുന്ന ഗ്രാഫ്റ്റ് ചെയ്ത അവക്കാഡോ തൈകള്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ലഭ്യമാണ്. അവക്കാഡോയുടെ വിത്തിനും ഏറെ സാധ്യതയുണ്ട്. ചോക്ലേറ്റ് നിര്‍മാണത്തിന് ഇത് ഉപയോഗിക്കുന്നു. ഉത്പാദനത്തിന് ഒപ്പം അമ്പലവയലിനെ സംഭരണത്തിന്‍റെയും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും കേന്ദ്രമാക്കുകയാണ് ലക്ഷ്യം.