വയനാട് ബത്തേരി പുതുച്ചോലയിൽ മലവെള്ളപ്പാച്ചിലിൽ കൃഷി നശിച്ചതോടെ കർഷകർ ദുരിതത്തിൽ. ഏക്കറുകണക്കിന് നെല്ല് കൃഷി നശിച്ചു. ഓണവിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷിയടക്കമാണ് നശിച്ചത്.
ഇന്നലെ വൈകീട്ട് ആണ് വടക്കനാട് വനത്തിൽ നിന്ന് മലവെള്ളം കുത്തിയൊലിച്ചെത്തിയത്. വയലിൽ പണിയെടുത്തിരുന്നവർ അടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നാട്ടിയ നെല്ലും വിത്തുമെല്ലാം ഒലിച്ചു പോയി. കടം വാങ്ങിയും വായ്പയെടുത്തും കൃഷി ഇറക്കിയവർക്ക് ഇരട്ടി ദുരിതം നൽകിയാണ് മലവെള്ളം ആർത്തിരമ്പി കടന്നുപോയത്
പത്ത് ഏക്കറോളം നെല്ല് കൃഷി മാത്രം നശിച്ചിട്ടുണ്ട്. വാഴയും ചേനയും കാച്ചിലും വൻതോതിൽ നശിച്ചു. പഴേരി സ്വദേശി സണ്ണിയുടെ നാല് ഏക്കർ നെല്ല് കൃഷിയാണ് നശിച്ചത്. അരികുഭിത്തി ഇടിഞ്ഞതോടെ കനാലിൽ ജലനിരപ്പ് ഉയർന്നാൽ വെള്ളം കൃഷിയിടത്തിൽ എത്തുമെന്ന ആശങ്കയിലാണ് കർഷകർ. അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. തഹസിൽദാറും കൃഷി ഓഫീസറും സ്ഥലം സന്ദർശിച്ചു.