വയനാട് പനമരം അമ്മാനി ഓർക്കോട്ടുമൂലയിൽ അപകട ഭീഷണി ഉയർത്തിയ വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിച്ച് തുടങ്ങി. വയലിലും റോഡിലുമുള്ള കാലപ്പഴക്കം ചെന്ന വൈദ്യുത തൂണുകളാണ് മാറ്റുന്നത്. മനോരമ ന്യൂസ് ഇംപാക്ട്.
അമ്മാനി ഓർക്കോട്ടു മൂലയിലെ നാട്ടുകാരുടെ വർഷങ്ങൾ നീണ്ട പ്രശ്നത്തിനാണ് ഒടുവിൽ പരിഹാരമായത്. ശക്തമായ കാറ്റടിച്ചാൽ ഏതു നിമിഷവും നിലം പതിക്കാവുന്ന 9 വൈദ്യുത തൂണുകളാണ് മാറ്റി സ്ഥാപിക്കുന്നത്. ചാഞ്ഞും ചരിഞ്ഞും അപകട ഭീഷണി ഉയത്തിയ വൈദ്യുത തൂണുകളെകുറിച്ച് കഴിഞ്ഞ ദിവസം മനോരമ ന്യൂസ് വാർത്ത നൽകിയിരുന്നു. തുടർന്നാണ് പോസ്റ്റുകളും താഴ്ന്നുനിന്ന വൈദ്യുത കമ്പികളും മാറ്റിയത്
ഏഴ് വൈദ്യുത തൂണുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചു കഴിഞ്ഞു. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലുള്ള വൈദ്യുത തൂണ് ഉടൻ മാറ്റിസ്ഥാപിക്കുമെന്ന് കെ എസ് ഇ ബി അധികൃതർ നാട്ടുകാരെ അറിയിച്ചു കാപ്പി ചെടിയിലും മറ്റും കെട്ടിവെച്ച സ്റ്റേ കമ്പികളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അതേസമയം കാട്ടാന ശല്യം രൂക്ഷമായ പ്രദേശത്ത് തെരുവു വിളക്കുകൾ കൂടി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം