വയനാട് വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായി ജില്ലയില്‍ വിഭാവനം ചെയ്യുന്ന പുതിയ കടുവ സംരക്ഷണ പദ്ധതിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് ആവശ്യം. വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ ആളുകളെ പദ്ധതി എങ്ങനെ ബാധിക്കുമെന്നതില്‍ പഠനം നടത്തണമെന്ന ആവശ്യമാണ് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ ഉന്നയിക്കുന്നത്.
രാജ്യത്താകെ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ആദ്യഘട്ടത്തിലെ 40 ഡിവിഷനുകളിലാണ് വയനാട്ടിലെ വനമേഖലകളും ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ പദ്ധതിയില്‍ വ്യക്തതവേണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുകയാണ്. വനപ്രദേശത്തോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരുടെ അഭിപ്രായം തേടണം. ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുമോ എന്നും ആശങ്കയുണ്ട്. വനമേഖലയോട് ചേര്‍ന്ന് നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചാല്‍ ചെറുക്കും. കടുവാസങ്കേതം പേരുമാറ്റി എത്തുന്നുവെന്ന പൊതുവികാരമാണ് വനമേഖല അതിരിടുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാന്‍ ഉന്നയിക്കുന്നത്.
പെരിയാര്‍, പറമ്പിക്കുളം കടുവാ സങ്കേതങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കടുവകള്‍ വയനാട് വന്യജീവി സങ്കേതത്തിലുണ്ട്. ഈ ഘട്ടത്തില്‍ മനുഷ്യ– വന്യജീവി സംഘര്‍ഷം കുറയ്ക്കാനുള്ളതാണ് പുതിയ പദ്ധതിയെന്നും ജനവാസ മേഖലയിലെ നിയന്ത്രണങ്ങള്‍ കരട് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും വനംവകുപ്പ് വിശദീകരിക്കുന്നു. വന്യജീവികളെ പ്രതിരോധിക്കാന്‍ കൂടുതല്‍ ഫണ്ടും ജീവനക്കാരും എത്തുന്നത് ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് ഇവരുടെ വാദം.