വയനാട് ബത്തേരിയിൽ പണിമുടക്ക് ദിനത്തിൽ റോഡിലെ കുഴിയടച്ച് പൊലീസ്. അപകടക്കെണിയായി മാറിയ അസംഷൻ ജംഗ്ഷനിലെ കുഴിയാണ് റോഡിലെ തിരക്കൊഴിഞ്ഞ് കിട്ടിയ സമയത്ത് ട്രാഫിക് പൊലീസ് ഇടപെട്ട് അടച്ചത്.
ഏറെ തിരക്കുള്ള ബത്തേരിയിലെ അസംഷൻ ജംഗ്ഷനാണിത്. ദേശീയപാതയിലേക്ക് കയറുന്ന റോഡിൻ്റെ ഈ ഭാഗം പൊളിഞ്ഞ് കുഴിയായിട്ട് കുറേ കാലമായി. ഇരുചക്രവാഹനങ്ങളും കാറുകളും കുഴിയിൽ വീഴുന്നത് പതിവായിരുന്നു. പൊതുമരാമത്ത് വകുപ്പിനെ നോക്കിയിരുന്നില്ല. പണിമുടക്ക് ദിനത്തിൽ റോഡ് ഒന്ന് ഒഴിഞ്ഞ് കിട്ടിയപ്പോൾ ബത്തേരി ട്രാഫിക്ക് പൊലീസ് ഇടപെട്ടു. കുഴി കോൺക്രീറ്റ് ചെയ്ത് അടച്ചു. ഡബ്ല്യു.എം.ഒ ലിങ്ക് റോഡിലെ അപകട കുഴിയും പൊലിസ് താൽക്കാലികമായി അടപ്പിച്ചു.
പൊലീസ് മാതൃകാപരമായി രംഗത്തിറങ്ങിയതിന്റെ ആവേശത്തിലാണ് നാട്ടുകാരും. ആളുകളുടെ ക്ഷമ പരീക്ഷിക്കാതെ ടൗണിലെ വിവിധ ലിങ്ക് റോഡുകളിൽ അപകടഭീഷണി ഉയർത്തുന്ന ഇത്തരം കുഴികൾ വേഗത്തിൽ അടയ്ക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം