evening-op

വയനാട് മാനന്തവാടി മെഡിക്കല്‍ കോളജില്‍ മുന്‍പ് ലഭ്യമായിരുന്ന സായാഹ്ന ഒപി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം. മെഡിക്കല്‍ കോളജ് പദവിയുടെ പേരില്‍ സായാഹ്ന ഒപി നിര്‍ത്തിയത് ആദിവാസി വിഭാഗം അടക്കമുള്ള സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. മെഡിക്കല്‍ കോളജില്‍ സായാഹ്ന ഒ.പി നിലച്ചിട്ട് നാല് മാസം കഴിയുന്നു. 

അത്യാഹിത വാര്‍ഡിന് മുന്നില്‍ താത്കാലിക ഒപി ആരംഭിച്ചെങ്കിലും അതും ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍ത്തി. അത്യാഹിത വിഭാഗത്തില്‍ തിരക്ക് വന്നാല്‍ വൈകിട്ട് എത്തുന്ന രോഗികള്‍ക്ക് ഡോക്ടറെ കാണാതെ മടങ്ങി പോകുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല. ആദിവാസി വിഭാഗം ഉള്‍പ്പെടെ ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം പേരും ആശ്രയിക്കുന്ന ഒരു ആശുപത്രിയുടെ അവസ്ഥയാണിത്.

ജില്ലാ ആശുപത്രിയുടെ ബോര്‍ഡ് മാറ്റി പൊടുന്നനെ മെഡിക്കല്‍ കോളജ് ആയെങ്കിലും സൗകര്യങ്ങള്‍ അതിനൊത്തില്ല. റഫറല്‍ ആശുപത്രി ആയതിനാല്‍ സായാഹ്ന ഒപിക്ക് പരിമിതിയുണ്ടെന്ന വാദം ഉയരുന്നുണ്ട്. എന്നാല്‍ റഫറല്‍ ആശുപത്രിയുടെ സേവനങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അതുമില്ല. ആശുപത്രി സൂപ്രണ്ടും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും തമ്മിലുള്ള അധികാര പരിധിയിലെ തര്‍ക്കങ്ങളും അനുഭവിക്കേണ്ടിവരുന്നത് രോഗികളാണ്.

ENGLISH SUMMARY:

Evening OP (Outpatient) services have been unavailable for the past four months at Mananthavady Medical College in Wayanad, causing significant difficulties for patients, especially those from tribal and rural backgrounds. Though a temporary OP was briefly started near the emergency ward, it was soon discontinued. With overcrowding in the emergency section, patients who arrive in the evening often leave without consultation. Despite the upgrade from district hospital to medical college, facilities remain inadequate, and administrative conflicts between the superintendent and principal are worsening the situation.