സ്ത്രീകൾക്കും കുട്ടികൾക്കും പുനരധിവാസം ഒരുക്കുന്ന വയനാട് കൽപ്പറ്റയിലെ "സഖി" വൺ സ്റ്റോപ്പ് സെന്‍ററിന്‍റെ കെട്ടിടം പൊളിഞ്ഞ് ഇളകിയ നിലയിൽ. മഴ കനത്തതോടെ ഭീതിയിൽ കഴിയുകയാണ് സ്ഥാപനത്തിലെ ജീവനക്കാർ. പല തവണ പരാതി നൽകിയിട്ടും വനിതാ ശിശുവികസന വകുപ്പ് അധികൃതർക്ക് കുലുക്കമില്ല.
സ്ത്രീകൾക്കും കുട്ടികൾക്കും ഏത് അപകട സാഹചര്യത്തിലും ആശ്രയിക്കാനായി നമ്മുടെ സർക്കാർ 24 മണിക്കൂറും സജ്ജമാക്കിയ സഖി വൺ സ്റ്റോപ്പ് സെന്‍ററിന്‍റെ പരിതാപകരമായ അവസ്ഥ. മേൽക്കൂരയുടെ കോൺക്രീറ്റ് പൊളിഞ്ഞ് ഇളകുകയാണ്. ഓഫിസ് മുറിയിലും അന്തേവാസികൾക്ക് താമസിക്കാനുള്ള മുറിയിലും അടുക്കളയിലും എല്ലാം ഇതാണ് സ്ഥിതി. പലയിടത്തും ചോർന്നൊലിക്കുന്ന അവസ്ഥയാണ്. കൗൺസിലറും ഫീൽഡ് വർക്കേഴ്സും പൊലീസുകാരും ഉൾപ്പെടെ 15 ജീവനക്കാരും വനിതകളാണ്. പൊളിഞ്ഞ് ഇളകുന്ന കോൺക്രീറ്റ് തലയിൽ വീഴാതെ കഷ്ടിച്ചാണ് ഇവർ രക്ഷപ്പെടുന്നത്. കേന്ദ്ര സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ കേന്ദ്രം സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലാണ്. പഴയ കൽപ്പറ്റ ജനറൽ ആശുപത്രി പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. ആരോഗ്യ വകുപ്പിന്‍റെ ഈ കെട്ടിടവും തകർന്ന നിലയിലാണ്.
ശോച്യാവസ്ഥ കാണിച്ച് ഒരു വർഷം മുൻപ് ജീവനക്കാർ പരാതി നൽകി. അപകടാവസ്ഥയിലുള്ള ഇവിടെ നിന്ന് സെന്‍റർ മാറ്റണമെന്ന് ഡിഎംഒ ആറുമാസം മുൻപ് റിപ്പോർട്ട് നൽകിയിട്ടും വകുപ്പിന് അനക്കമില്ല. താത്കാലിക ജീവനക്കാരായ ഇവർ തന്നെ പുതിയ കെട്ടിടം കണ്ടുപിടിക്കണമെന്ന വിചിത്രമായ നിർദേശം വരെ വന്നു. കരുതലായി വനിതകൾക്ക് ഒപ്പം നിൽക്കേണ്ട സെന്‍റർ ഭയത്തിന്‍റെ കേന്ദ്രമായിമാറുകയാണ്.