TOPICS COVERED

വയനാട് കൽപ്പറ്റ ടൗണിൽ ചൂരൽമല ദുരന്ത ബാധിത കുടുംബത്തിന്‍റെ പൊളിച്ചുമാറ്റിയ തട്ടുകട നഗരസഭ തന്നെ പുനഃസ്ഥാപിച്ച് നൽകും. മുന്നറിയിപ്പ് ഇല്ലാതെ തട്ടുകട നീക്കിയതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. മനോരമ ന്യൂസാണ് വാർത്ത പുറത്തുകൊണ്ടുവന്നത്.

നോട്ടിസ് പോലും നൽകാതെ ആണ് കൽപ്പറ്റ ടൗണിലെ എസ്കെഎംജെ സ്കൂളിന് മുന്നിലുള്ള തട്ടുകട രാത്രി പൊളിച്ച് മാറ്റിയത്. ഭക്ഷ്യ സാധനങ്ങൾ സൂക്ഷിച്ച വാഹനവും നഗരസഭാ അധികൃതർ എടുത്തുമാറ്റി. ഉരുൾപൊട്ടലിന്‍റെ ഇരകളായ ആസിയയും കുടുംബവും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തുടങ്ങിയ തട്ടുകടയാണിത്. ഉരുളിൽ എല്ലാം നഷ്ടപ്പെട്ട ഇവരുടെ ആകെയുള്ള ജീവിത മാർഗമായിരുന്നു ഇത്.

മനോരമ ന്യൂസ് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെ വലിയ പ്രതിഷേധം ഉയർന്നു. നഗരസഭാ സെക്രട്ടറിയുടെ ചേംബറിൽ യുവജന സംഘടനകൾ പ്രതിഷേധവുമായി എത്തി. തട്ടുകടയിൽ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങൾ സ്കൂളിന് പ്രശ്നമാകുമെന്ന വാദം കുടുംബം തള്ളി. ഒടുവിൽ തട്ടുകട റോഡിന്‍റെ മറ്റൊരു ഭാഗത്തേക്ക് മാറ്റി പുനഃസ്ഥാപിച്ച് നൽകാമെന്ന് ഉറപ്പ്. ഭക്ഷ്യ വസ്തുക്കൾക്കുണ്ടായ നഷ്ടം പരിഹരിച്ച് കട പുനഃസ്ഥാപിക്കാൻ എല്ലാ സഹായവും നൽകുമെന്ന് മുൻ നഗരസഭാ ചെയർമാൻ മുജീബും ഉറപ്പ് നൽകി.

ENGLISH SUMMARY:

The Kalpetta municipality in Wayanad will reinstate the demolished street food stall of a disaster-affected family in Chooralmala town. There was widespread protest over the removal of the stall without prior notice. It was Manorama News that brought the issue to light