TOPICS COVERED

വയനാട് ചൂരല്‍മലയില്‍ വില്ലേജ് ഓഫിസറെ മര്‍ദിച്ചെന്ന പരാതിയില്‍ കീഴടങ്ങിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്കും ജാമ്യം. മുണ്ടക്കൈ ഭാഗത്ത് തോട്ടം തൊഴിലാളികള്‍ കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് എതിരെയായിരുന്നു കേസ്.

ചൂരല്‍മല ബെയ്‍ലി പാലത്തില്‍ വച്ചാണ് കഴിഞ്ഞദിവസം വെള്ളാര്‍മല വില്ലേജ് ഓഫിസറെ തടഞ്ഞത്. പുന്നപ്പുഴ കുത്തിയൊഴുകുന്ന സമയത്തും മഴ മുന്നറിയിപ്പ് നല്‍കാതെ തോട്ടം തൊഴിലാളികളെ മുണ്ടക്കൈ ഭാഗത്തേക്ക് കടത്തിവിട്ടതിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. വില്ലേജ് ഓഫിസറെ മര്‍ദിച്ചെന്നും വാഹനത്തിന്‍റെ സൈഡ് ഗ്ലാസ് തകര്‍ത്തു എന്നുമുള്ള പരാതിയിലായിരുന്നു മേപ്പാടി പൊലീസ് ജാമ്യാമില്ലാ കുറ്റം ചുമത്തിയത്. കീഴടങ്ങിയ ആറ് പ്രതികള്‍ക്കും കല്‍പ്പറ്റ കോടതി ജാമ്യം നല്‍കി. യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി സി.ഷിഹാബ് ഉള്‍പ്പെടുള്ളവര്‍ക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്.

പ്രതികളായവരില്‍ മൂന്ന് പേരും ചൂരല്‍മല ഉരുള്‍പൊട്ടത്തില്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരാണ്. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയവരെ കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ച് ചൂരല്‍മലയിലെ നാട്ടുകാര്‍ കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു.

ENGLISH SUMMARY:

All six accused, including a Youth League worker who surrendered in connection with the assault on a village officer in Chooralmala, Wayanad, have been granted bail. The case was filed against those who protested after plantation workers were reportedly trapped in the Mundakkai area