വനാവകാശം ലഭിക്കാതായതോടെ വയനാട് നൂല്‍പ്പുഴ ഗോത്ര ഉന്നതികളിലേക്കുള്ള റോഡ് നവീകരണം പ്രതിസന്ധിയില്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ ഒന്‍പത് റോഡുകളുടെ നവീകരണത്തിന് വനം വകുപ്പിന്‍റെ അനുമതി കിട്ടാത്തതാണ് തടസം. ഉദ്യോഗസ്ഥരുടെ കടുംപിടിത്തത്തിന് എതിരെ പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഗോത്ര സമൂഹം താമസിക്കുന്ന പഞ്ചായത്താണ് നൂല്‍പ്പുഴ. ഇവിടെയാണ് റോഡ് നവീകരണത്തിന് വനം വകുപ്പിന്‍റെ സാങ്കേതികത്വം തടസമാകുന്നത്. ഗോത്ര ഉന്നതികളിലേക്കുള്ള ഒന്‍പത് റോഡുകള്‍ക്ക് 65 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയെങ്കിലും വനം വകുപ്പിന്‍റെ അനുമതി വൈകുന്നതിനാല്‍ അത് ലാപ്‌സാകുന്ന സാഹചര്യമുണ്ട്. കാളിച്ചിറ, ഓടപ്പള്ളം–കുറുമ, അളിപ്പുറം–മന്‍മഥന്‍പാളി, പണപ്പാടി, ഇല്ലിച്ചുവട്–പിലാക്കാവ് തുടങ്ങിയ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. മണ്‍പാതയായും വര്‍ഷങ്ങളായി മെറ്റല്‍ പതിച്ചും തുടരുന്ന റോഡുകളാണിവ.
അനുമതിക്കായി വനം വകുപ്പിന്‍റെ പരിവേശ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുകയും ഉന്നത ഉദ്യോഗസ്ഥര്‍ റോഡില്‍ പരിശോധന നടത്തുകയും ചെയ്തിട്ടും നടപടിയൊന്നും ഉണ്ടായില്ല. വകുപ്പിന്‍റെ മെല്ലെപ്പോക്കിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നടപടി ഇനിയും വൈകിയാല്‍ പ്രതിഷേധവുമായി രംഗത്തുവരാനാണ് ഗോത്ര വിഭാഗങ്ങള്‍ അടക്കമുള്ളവരുടെ തീരുമാനം.