വയനാട് പൂതാടിയിൽ പഞ്ചായത്ത് ഓഫിസിൽ കുടങ്ങളുമായെത്തി പ്രതിഷേധം. പൂതാടി ചെറുകുന്ന് നാല് സെന്‍റ് ഊരിലുളളവരാണ് കുടിനീരിനായി പ്രതിഷേധിച്ചത്. കുടിവെള്ളത്തിനായി മാസങ്ങൾ കാത്തിരുന്നിട്ടും ഫലമില്ലാതായതോടെയാണ് നാട്ടുകാരുടെ ‘കുടം സമരം’. കഴിഞ്ഞ ദിവസം പൂതാടി പഞ്ചായത്ത് ഓഫിസിലെത്തിയവർ കണ്ടത് കുറേ കുടങ്ങളും കലങ്ങളുമാണ്. കുറേ മാസങ്ങളായി വെള്ളം നിറയാത്ത കുടങ്ങൾ ചെറുകുന്ന് നാല് സെൻ്റ് ഊരിലുളളവർ നേരിട്ട് പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയേയും കാണിക്കുകയായിരുന്നു. കാലങ്ങളായി അനുഭവിക്കുന്ന ദുരിതം നേരിട്ട് ബോധ്യപ്പെടുത്താനായിരുന്നു പ്രതിഷേധം.
ഊരിൽ കിണറും കുഴൽക്കിണറും ഉണ്ടെങ്കിലും വെള്ളം പമ്പു ചെയ്യുന്നതിന് വൈദ്യുതി കണക്ഷൻ നൽകാത്തതാണ് ശുദ്ധജല ക്ഷാമത്തിന് കാരണം. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ഒട്ടേറെ തവണ പഞ്ചായത്തിൽ കയറിയിറങ്ങിയിട്ടും പ്രസിഡൻ്റ് അടക്കമുള്ളവർ സ്ഥലത്തെത്തി ഉടൻ പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി പോയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനെ തുടർന്നാണ് ഊരു നിവാസികൾ പ്രതിഷേധവുമായി പഞ്ചായത്ത് ഓഫിസിലെത്തിയത്.
കേണിച്ചിറ പൊലീസും പഞ്ചായത്ത് പ്രസിഡൻ്റും നടത്തിയ ചർച്ചക്കൊടുവിലാണ് പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചത്. ഊരിലേക്ക് ഉടൻ തന്നെ 10000 ലീറ്റർ വെള്ളമെത്തിക്കാമെന്നും ഉടൻ വൈദ്യുതി കണക്ഷൻ നൽകി വീടുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള പമ്പിങ് ആരംഭിക്കുമെന്നുമായിരുന്നു ഉറപ്പ്.
എന്നാൽ ബുധനാഴ്ചയ്ക്കകം വീടുകളിൽ വെള്ളം എത്തിയില്ലെങ്കിൽ പഞ്ചായത്തിലേക്ക് പായയും പാത്രങ്ങളുമായി എത്തുമെന്നും മുന്നറിയിപ്പ് നൽകിയാണ് സമരക്കാർ വീടുകളിലേക്ക് മടങ്ങിയത്.