വയനാട് തലപ്പുഴയിലെ ജനവാസമേഖലയിൽ കടുവാ സാന്നിധ്യം. കഴിഞ്ഞ ദിവസം കാൽപാട് കണ്ട തലപ്പുഴ പാൽ സൊസൈറ്റിയുടെ ഭാഗത്താണ് കടുവ നടന്ന് പോകുന്ന സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞത്. നാട്ടുകാരുടെ നേതൃത്വത്തിൽ തലപ്പുഴയിൽ റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി തലപ്പുഴയും സമീപപ്രദേശങ്ങളും കടുവഭീതിയിലാണ്. ദിവസങ്ങൾക്കുമുൻപ് ഗോദാവരി കോളനിയിൽ കടുവകളെയും കുഞ്ഞുങ്ങളെയും പ്രദേശവാസികൾ കണ്ടിരുന്നു. കഴിഞ്ഞദിവസങ്ങളിൽ തലപ്പുഴ കമ്പിപ്പാലം, കാട്ടേരിക്കുന്ന് ഭാഗങ്ങളിലും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.
ഇന്നലെ പുലർച്ചെ മൂന്നുമണിക്കാണ് മാനന്തവാടി - കണ്ണൂർ പാതയിലെ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം കണ്ടത്.
വനം വകുപ്പ് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വന മേഖലയോട് ചേർന്ന പ്രദേശമാണിത്. ജനവാസ കേന്ദ്രത്തിൽ നിന്ന് കടുവ വനത്തിനുള്ളിലേക്ക് കടന്നതായാണ് നിഗമനം. അതിനിടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങി. കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.