anganavadi-wayanad

TOPICS COVERED

ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച മാനന്തവാടി പീച്ചംങ്കോടിലെ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനമാരംഭിച്ചില്ല. കെട്ടിടം നശിച്ചു തുടങ്ങിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് യുവജന സംഘടനകൾ..

 

എടവക പഞ്ചായത്തിലെ പീച്ചംങ്കോട് അങ്കണവാടി. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ നിന്ന് 32 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച കെട്ടിടമാണിത്. കഴിഞ്ഞ മാർച്ച്‌ 7 ന് രാഹുൽ ഗാന്ധി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തതാണ്. മനോഹരമായ കെട്ടിടം പണിതെങ്കിലും കുട്ടികൾക്ക് ഈ അങ്കണവാടി അന്യമാണ്. ഉദ്ഘാടനം കഴിഞ്ഞ് ഏഴ് മാസം പിന്നിട്ടിട്ടും തുറന്നു പ്രവർത്തിച്ചില്ല. കെട്ടിടം ഇന്ന് നശിച്ചു തുടങ്ങി 

പരിമിതമായ സൗകര്യത്തിൽ ദ്വാരകയിലെ വാടക ക്വാർട്ടേഴ്സിലെ ഇടുങ്ങിയ മുറിയിലാണ് നിലവിൽ അങ്കണവാടി പ്രവർത്തിക്കുന്നത്. ഉടൻ തുറക്കണമെന്ന് നിരവധി തവണ ആവശ്യമുന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ വൈദ്യുതി കണക്ഷനും ശുദ്ധജലവും ലഭ്യമാക്കുന്നതിലുണ്ടായ കാലതാമസമാണ് തുറക്കാൻ വൈകുന്നതെന്നും ഉടൻ തുറക്കാനാകുമെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം. അങ്കണവാടി തുറന്ന് പ്രവർത്തിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് എ.ഐ.വൈ.എഫ് അടക്കമുള്ള സംഘടനകള്‍