വയനാട് ചേകാടി കട്ടക്കണ്ടി ഊരിൽ വെള്ളപ്പാണ്ട് രോഗം വ്യാപിക്കുന്നെന്ന് പരാതി. പതിനഞ്ചു വീടുകളിൽ നിന്നായി കുട്ടികൾക്കടക്കം പത്തോളം പേർക്കാണ് രോഗമുണ്ടായത്. രോഗം മൂലം മിക്ക കുട്ടികളും പഠനം നിർത്തി. നാല് വർഷത്തിനിടെ പുൽപ്പള്ളി ചേകാടി കട്ടക്കണ്ടി ഊരിലെ പത്തോളം പേർക്കാണ് വെള്ളപ്പാണ്ട് രോഗമുണ്ടായത്. പതിനാറ് വയസു മുതൽ അറുപത് വയസുള്ളവർക്ക് വരെ രോഗബാധയുണ്ടായി. ഒരേ കുടുംബത്തിലുള്ളവരും അല്ലാത്തവരുമുണ്ട് ഇതിൽ. കൂടുതലും സ്ത്രീകൾ
നാൽപത്തിയഞ്ച് വീടുകളാണ് കട്ടക്കണ്ടി ഊരിലുള്ളത്. വേഗത്തിലാണ് രോഗം കൂടുതൽ പേരിലെത്തുന്നത്. പണമില്ലാത്തതിനാൽ മിക്കയാളുകളും ചികിൽസ തേടിയിട്ടില്ല. ഒരു വർഷത്തിനിടെ മാത്രം നാലു പേർക്കാണ് രോഗമുണ്ടായത്. കുട്ടികൾ പഠനം അവസാനിപ്പിച്ച് വീടുകളിൽ തന്നെ ഒതുങ്ങി. പ്ലസ്ടുവിൽ ഉന്നത വിജയം നേടി കോളജിൽ പോകാത്ത കുട്ടിയുമുണ്ട് ഇതിൽ. പ്രായമുള്ളവർ പുറത്തിറങ്ങാതായി. പകരുന്നതല്ലെങ്കിലും ജനിതകമായ ഘടകങ്ങൾ വെള്ളപ്പാണ്ടിനു പിന്നിൽ പ്രവർത്തിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.