beenachi-estate

TOPICS COVERED

കടുവയും പുലിയുമൊക്കെ വിലസുന്ന സുല്‍ത്താന്‍ ബത്തേരിക്കടുത്തെ ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രഖ്യാപനത്തിലൊതുങ്ങി. മധ്യപ്രദേശ് സര്‍ക്കാരിനു കീഴിലുള്ള എസ്റ്റേറ്റ് നഗരമധ്യത്തിലെ കൊടുംകാടായി മാറി. കടുവ സഫാരി പാര്‍ക്കടക്കമുള്ള പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവും കടലാസിലൊതുങ്ങി.

500 ഏക്കറോളം വരുന്ന കാപ്പി എസ്റ്റേറ്റ്. മധ്യപ്രദേശ് സര്‍ക്കാരിനാണ് ഉടമസ്ഥത. കോവിഡിനു മുമ്പു വരെ സജീവമായിരുന്ന എസ്റ്റേറ്റ് പിന്നെ ആരു തിരി‍ഞ്ഞു നോക്കാനില്ലാത്ത നിലയിലായി. ഇന്ന് ജീവനക്കാരേക്കാള്‍ കൂടുതല്‍ വന്യ ജീവികളുള്ള ഇടം. കടുവയും പുലിയും കാട്ടുപോത്തുമടക്കം എല്ലാ വന്യ ജീവികളുമിവിടെ.എസ്റ്റേറ്റില്‍ നിന്നുള്ള വന്യ ജീവികള്‍ നഗരത്തിലെത്തും. ഇടക്കിടെ സമീപ വീടുകളിലേക്കുമെത്തും. 

മധ്യപ്രദേശ് സര്‍ക്കാരില്‍ നിന്ന് എസ്റ്റേറ്റ് ഏറ്റെടുത്ത് പദ്ധതികള്‍ക്കായി ഉപയോഗിക്കണമെന്ന ആവശ്യം വലിയ തോതില്‍‍ ഉയര്‍ന്നിരുന്നു. ഒന്നും നടന്നില്ല. ബീനാച്ചിയില്‍ രണ്ടു മാസ്റ്റര്‍ പ്ലാനുകളുണ്ടാക്കി. സൗത്ത് വയനാട് ഡിഎഫ്ഒ യായിരുന്ന ഷജ്‌ന കരീം സമര്‍പ്പിച്ചതാണ് ഒന്ന്. മധ്യപ്രദേശ് സര്‍ക്കാരില്‍ നിന്ന് ഭൂമിയേറ്റെടുത്ത് കടുവ സഫാരി പാര്‍ക്കും വന്യ ജീവികളുടെ പുനരധിവാസ കേന്ദ്രവും വന്യ മൃഗ പാലിയേറ്റീവ് സെന്‍ററും നിര്‍മിക്കലായിരുന്നു പ്ലാന്‍. ബീനാച്ചിയിലേത് കടുവകള്‍ക്കാവശ്യമായ ആവാസ വ്യവസ്ഥയാണെന്ന് നേരത്തെ വ്യക്തമായിരുന്നു. രൂപ രേഖ സമര്‍പ്പിച്ചെങ്കിലും സര്‍ക്കാരില്‍ നിന്ന് കാര്യമായ നീക്കുപോക്കുണ്ടായില്ല.

കോളജോ ആശുപത്രിയോ നിര്‍മിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യവും അങ്ങനെ തന്നെ. എല്ലാം പ്ലാനുകളായി മാത്രം തുടര്‍ന്നു. ഇരു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്ന് വയനാട് പാക്കേജ് പ്രഖ്യാപന സമയത്ത് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. എന്നാല്‍ പ്രാഥമിക നടപടി പോലും പിന്നെയങ്ങോട്ട് നടന്നില്ല. ബീനാച്ചിയിലെ വാക്കും കാടും അങ്ങനെ തന്നെ നില്‍ക്കുന്നുണ്ട്.

ENGLISH SUMMARY:

The government's move to acquire the Benachi estate did not materialize