വയനാട് പുല്‍പ്പള്ളിയില്‍ അമ്പെയ്ത്ത് അക്കാദമിക്കായി വിട്ട് നല്‍കിയ ഭൂമി തിരികെ വേണമെന്ന ആവശ്യവുമായി പഞ്ചായത്ത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഭൂമി പൂര്‍ണമായും ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. ജില്ലയില്‍ കായിക പരിശീലനങ്ങള്‍ക്കായി തുച്ഛമായ ഭൂമിയാണ് ഉള്ളതെന്ന കാരണത്താല്‍ പഞ്ചായത്ത് നിലപാടിന്‍റെ എതിര്‍ക്കുകയാണ് സ്പോര്‍ട്സ് കൗണ്‍സില്‍.
16 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എട്ട് ഏക്കര്‍ ഭൂമി അമ്പെയ്ത്ത് അക്കാദമിക്കായി പുല്‍പ്പള്ളി പഞ്ചായത്ത് വിട്ട് നല്‍കിയത്. ലോകോത്തര പരിശീലന സൗകര്യങ്ങള്‍ ഒരുക്കുമെന്ന അന്നത്തെ വാഗ്ദാനം കാര്യമായി നടന്നില്ല. പുല്‍പ്പള്ളിയിലെ വിവിധ ഓഫീസുകള്‍ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്നത് പരിഗണിച്ചാണ് ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമിയുടെ ഒരു ഭാഗം തിരികെ വേണമെന്ന ആവശ്യം പഞ്ചായത്ത് ഉന്നയിക്കുന്നത്.
ജില്ലയ്ക്കകത്തും പുറത്തു നിന്ന് നിരവധി കുട്ടികള്‍ എത്തി പരിശീലനം നടത്തുന്ന കേന്ദ്രമാണ് പുല്‍പ്പള്ളിയിലെ ജില്ല അമ്പെയ്ത്ത് അക്കാദമി. ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെട്ട അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ വാദം. ഇന്‍ഡോര്‍ സ്റ്റേഡിയം ഉള്‍പ്പടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ശ്രമം നടക്കുന്നത്. ജില്ലയില്‍ കായികമേഖലയ്ക്കുള്ള ചുരുക്കം ചില ഭൂമികളില്‍ ഒന്നായ പുല്‍പ്പള്ളി അമ്പെയ്ത്ത് അക്കാദമി മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ട് നല്‍കാന്‍ ആകില്ലെന്നാണ് കൗണ്‍സിലിന്‍റെ നിലപാട്.