അരവണ പാക്കിങ് പ്ലാന്‍റിലെ ജോലിയുടെ ഇടവേളകളിൽ കടലാസിൽ വരകൾ. ശബരിമലയിലെ കാഴ്ചകൾക്ക് കറുപ്പും വെളുപ്പും കൊണ്ട് രൂപം നൽകുകയാണ് പാലക്കാട് സ്വദേശി മനോജ്. തൊഴിൽ അരവണ നിർമാണത്തിലാണെങ്കിലും മനസ് മുഴുവൻ ചിത്രകലയിലാണ്.
പതിനെട്ടാംപടി, സോപാനം, കൊടിമരം, അങ്ങനെ ശബരിമലയിലെ ഓരോ കാഴ്ചയും മനോജിന്‍റെ ചിത്രങ്ങളിലുണ്ട്. നിറങ്ങളില്ലാതെ, കറുപ്പും വെളുപ്പും മാത്രം ഉപയോഗിച്ചാണ് ചിത്രീകരണം. സൂക്ഷ്മമായ വരകളിലൂടെ സന്നിധാനത്തിന്‍റെ ദൃശ്യങ്ങൾ കടലാസിലേക്ക് പകർത്തുകയാണ്.
അരവണ പാക്കിങ് പ്ലാന്റിലെ താത്കാലിക തൊഴിലാളിയാണ് എം.വി. മനോജ്. ജോലിക്കിടയിലെ ഇടവേളകളിലാണ് ചിത്ര രചന. ആറാം വയസിൽ തുടങ്ങിയതാണ് കലാപ്രവർത്തനം. ഫൈൻ ആർട്സ് കോളജിൽനിന്ന് പെയിന്‍റിങ്ങിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. മ്യൂറൽ, പോർട്രെയിറ്റ് ചിത്രങ്ങളിലൂടെ ഫ്രീലാൻസ് ചിത്രകാരനായും പ്രവർത്തിക്കുന്നു.
ജീവിതപ്രാരാബ്ധങ്ങൾ പഠനത്തിന് തടസമായതോടെ ഒരുഘട്ടത്തിൽ മുംബൈയിലേക്ക് പോയി. എന്നാൽ മകന്‍റെ കലാപരമായ കഴിവ് തിരിച്ചറിഞ്ഞ പിതാവ് തിരിച്ചുവിളിച്ച് പഠനം തുടരാൻ പ്രേരിപ്പിച്ചു. കലാജീവിതത്തിൽ വഴികാട്ടി അച്ഛനാണെന്ന് മനോജ് പറയുന്നു.
ജനുവരി 20 വരെയാണ് അരവണ പാക്കിങ് പ്ലാന്റിലെ ജോലി. അതുവരെ സന്നിധാനത്തെ കാഴ്ചകൾ പരമാവധി ചിത്രങ്ങളാക്കാനാണ് ശ്രമം. ഇവിടെനിന്ന് വരച്ചെടുക്കുന്ന ചിത്രങ്ങൾ ഒരുനാൾ പ്രദർശനത്തിന് എത്തിക്കണമെന്ന് ആഗ്രഹവും.