പാലക്കാട് പുതുനഗരം ജംഗ്ഷനിലെ ഇടുങ്ങിയ ബസ് സ്റ്റോപ്പ് യാത്രക്കാർക്ക് സ്ഥിരം അപകടക്കെണിയാകുന്നു. പൊലീസ് സ്റ്റേഷന്റെ ചുറ്റുമതിൽ നിർമാണത്തിന്റെ ഭാഗമായി ബസ് കാത്തിരിപ്പിനായി ഉപയോഗിച്ചിരുന്ന താത്കാലിക ഷെഡ് പൊളിച്ചുമാറ്റിയതോടെ മഴയിലും വെയിലിലും യാത്രക്കാർ പെരുവഴിയിൽ നിൽക്കേണ്ട അവസ്ഥയാണ്. ബസ് സ്റ്റോപ്പിനായി പൊലീസ് സ്റ്റേഷൻ വളപ്പിനോട് ചേർന്നുള്ള കുറച്ച് സ്ഥലം വിട്ടുനൽകണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം
പാലക്കാട് ജില്ലയിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ പുതുനഗരത്തിൽ ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ബസ് കാത്തുനിൽക്കുന്നത്. എന്നാൽ, നിലവിലുള്ള ബസ് സ്റ്റോപ്പിന് മതിയായ സ്ഥലസൗകര്യമില്ലാത്തതിനാൽ വാഹനങ്ങൾക്കിടയിലൂടെ അപകടഭീഷണി നേരിട്ടാണ് യാത്രക്കാർക്ക് ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യേണ്ടത്.
പൊലീസ് സ്റ്റേഷന്റെ ചുറ്റുമതിൽ നിർമാണം ആരംഭിച്ചതോടെ ബസ് സ്റ്റോപ്പായി ഉപയോഗിച്ചിരുന്ന താത്കാലിക ഷെഡും പൊളിച്ചുനീക്കി. ഇതോടെ യാത്രക്കാർക്ക് കാത്തുനിൽക്കാൻ സുരക്ഷിതമായ ഇടം പോലും ഇല്ലാതായി. നിലവിൽ പൊലീസ് സ്റ്റേഷൻ വളപ്പിനുള്ളിലേയ്ക്ക് താത്കാലികമായി കയറിനിൽക്കാൻ കഴിയുന്നുണ്ടെങ്കിലും ചുറ്റുമതിൽ നിർമാണം പൂർത്തിയാകുന്നതോടെ ആ സാധ്യതയും ഇല്ലാതാകും.
പ്രശ്നത്തിന് ശാശ്വത പരിഹാരമായി പൊലീസ് സ്റ്റേഷൻ വളപ്പിനോട് ചേർന്നുള്ള ചെറിയൊരു ഭാഗം ബസ് സ്റ്റോപ്പിനായി അനുവദിക്കണമെന്നാണ് പഞ്ചായത്ത് അധികൃതരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് പഞ്ചായത്ത് നിവേദനവും നൽകിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ ഇടപെടലുണ്ടായാൽ മാത്രമേ ഇത് സാധ്യമാകൂവെന്നാണ് പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്.
അതേസമയം, പുതുനഗരം–കൊല്ലങ്കോട് റോഡിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് പൊളിച്ചിട്ടിരിക്കുന്നതും പ്രദേശത്തെ ഗതാഗതക്കുരുക്കും അപകടസാധ്യതയും വർധിപ്പിച്ചിരിക്കുകയാണ്. ബസ് സ്റ്റോപ്പിലെ പരിമിതമായ സൗകര്യവും റോഡ് നിർമാണ പ്രവർത്തനങ്ങളും ചേർന്ന് പുതുനഗരം ജംഗ്ഷൻ യാത്രക്കാർക്ക് കൂടുതൽ ദുരിതമാകുകയാണെന്ന് നാട്ടുകാർ പറയുന്നു.