പാലക്കാട് തൃക്കടീരിയിൽ വാട്ടർ ഗണ്ണിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. വീരമംഗലം സ്വദേശി അബൂബക്കർ സിദ്ദീഖ് (33) ആണ് മരിച്ചത്. മണ്ണുമാന്തിയതിന് ശേഷം വാഹനം കഴുകുന്നതിനിടെയാണ് സിദ്ദീഖിന് ഷോക്കേറ്റത്. സിദ്ദീഖ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് തൃക്കടീരി സ്കൂളിന് സമീപത്ത് വച്ചായിരുന്നു സംഭവം.
മണ്ണുമാന്തി യന്ത്രങ്ങളില്‍ ഉപയോഗത്തിന് ശേഷം കട്ടിയായി ചെളി കുടുങ്ങാറുണ്ട്. ഇത് നീക്കം ചെയ്യാന്‍ പ്രഷര്‍ വാഷ് ചെയ്യാറാണ് പതിവ്. ഇതിനായി പ്രത്യേക മോട്ടോറാണ് ഉപയോഗിക്കുക. മോട്ടോര്‍ വൈദ്യുതിയുമായി ബന്ധിപ്പിക്കുന്നതിനിടെ സിദ്ദീഖിന് ഷോക്കേല്‍ക്കുകയും തളര്‍ന്നുവീഴുകയുമായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിദ്ദീഖ് മരണത്തിന് കീഴടങ്ങിയിരുന്നു. ചെര്‍പ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് സിദ്ദീഖിന്‍റെ മൃതശരീരം.
അതീവ മുന്‍കരുതലോടെ മാത്രം ഉപയോഗിക്കേണ്ട ഉപകരണമാണ് പ്രഷര്‍ വാഷറും ഇതില്‍ ഘടിപ്പിക്കേണ്ട മോട്ടോറും. ജലം വൈദ്യുതിയുടെ ശക്തമായ ചാലകമായതിനാല്‍ ഗണ്ണില്‍ നിന്ന് വരുന്ന ജലത്തിലൂടെ ഷോക്കടിക്കാനും സാധ്യതയുണ്ട്. മെഷീന്‍റെ പവർ കോർഡിന് (വയർ) എവിടെയെങ്കിലും പൊട്ടലോ കേടുപാടുകളോ ഉണ്ടെങ്കില്‍ ഇതിലൂടെ വെള്ളം ഉള്ളിൽ ഇറങ്ങി ഷോക്കടിക്കാന്‍ സാധ്യതയുണ്ട്. മെഷീനിലെ മോട്ടോറിലോ പമ്പിലോ ഉണ്ടാകുന്ന ചെറിയ വൈദ്യുത ലീക്കുകൾ പടരാനും ഷോക്കാകാനും സാധ്യതയുണ്ട്. വീടുകളിൽ എർത്ത് കണക്ഷൻ കൃത്യമല്ലെങ്കിലും ശക്തമായ ഷോക്കിന് കാരണമാകും.
പവർ ബോർഡിലോ മെഷീന്‍റെ സ്വിച്ചിലോ വെള്ളം തെറിച്ചാലും ഷോക്കടിക്കാം. പ്രഷർ വാഷറിന്‍റെ ഉള്ളിലെ പൈപ്പുകളിൽ നിന്ന് വെള്ളം ലീക്കായി മോട്ടോറിലേക്ക് ഇറങ്ങുന്നതും മറ്റൊരു പ്രധാന കാരണമാണ്.