പെട്രോള്‍ പമ്പുകളില്‍ നിന്ന് കന്നാസുകളില്‍ ഇന്ധനം നല്‍കുന്നത് നിര്‍ത്തിയതോടെ പാലക്കാട് ട്രാക്ടര്‍ ഉടമകളും കര്‍ഷകരും പ്രതിസന്ധിയില്‍. ഒന്നാം വിള തുടങ്ങിയ പാടത്ത് ട്രാക്ടര്‍ പണികള്‍ നിലയ്ക്കുന്ന സാഹചര്യമാണുള്ളത്. കരിഞ്ചന്ത തടയാന്‍ നടപ്പാക്കിയ കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ തീരുമാനമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.
കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നിബന്ധന പ്രകാരം പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ അംഗീകൃത കണ്ടെയിനറുകളില്‍ മാത്രമേ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ കഴിയൂ. വന്‍തോതില്‍ ഇന്ധനം വാങ്ങി മറിച്ചുവില്‍ക്കുന്നത് തടയുകയാണ് ലക്ഷ്യം. എന്നാല്‍ ഇവിടെ പ്രതിസന്ധിയിലായത് ട്രാക്ടറിനെ ആശ്രയിക്കുന്ന നെല്‍കര്‍ഷകരാണ്. ഒന്നാം വിളയ്ക്ക് പാടത്ത് പണി തുടങ്ങിയതോടെ ഒരു ട്രാക്ടറിന് ശരാശരി 60 ലീറ്ററോളം ഡീസല്‍ ഒരുദിവസം വേണം. ഓട്ടോയില്‍ പോയി കന്നാസുകളില്‍ ഡീസല്‍ നിറച്ചുകൊണ്ടുവരുന്നതായിരുന്നു പതിവ്. ഇത് കിട്ടതായതോടെ ട്രാക്ടര്‍ പണികള്‍ നിലയ്ക്കുന്ന അവസ്ഥയാണ്. ട്രാക്ടര്‍ ഓടിച്ച് പമ്പില്‍ പോകുക പ്രായോഗികമല്ല.
ട്രാക്ടറിന് പുറമേ കൊയ്തു യന്ത്രങ്ങള്‍, വുഡ് കട്ടര്‍, പുല്ലുവെട്ടുന്ന മെഷീന്‍ എന്നിവയ്ക്കുള്ള ഇന്ധനവും ഇനി കന്നാസുകളില്‍ വാങ്ങാന്‍ കിട്ടില്ല. ഈ രീതിയില്‍ ഇന്ധനം വാങ്ങുന്നത് പിടിക്കപ്പെട്ടാല്‍ പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്. ഇന്ധന നിയന്ത്രണം ഈ തരത്തില്‍ തുടരുമ്പോള്‍ ജില്ലയിലെ പാടശേഖരങ്ങളില്‍ കൃഷി ഇറക്കുന്നതും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഈ തീരുമാനത്തില്‍ ചെറുകിട കര്‍ഷകര്‍ക്ക് ഇളവുനല്‍കാനുള്ള നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം.