palakkad-0

പാലക്കാടിന് ഒരു മെഡിക്കല്‍ കോളജുണ്ട് എന്ന് പേരിന് പറയാമെങ്കിലും ഇല്ലായ്മകളുടെ നടുവിലാണ് ഈ സ്ഥാപനം. 12 വര്‍ഷം മുന്‍പ് തുടങ്ങിയ മെഡിക്കല്‍ കോളജില്‍ ഇപ്പോളും മോര്‍ച്ചറിയോ സ്കാനിങ് സൗകര്യങ്ങളോ ഇല്ല. പുതിയ സര്‍ക്കാരില്‍ നിന്ന് ഈ സ്ഥാപനത്തിന് അടിയന്തര ചികിത്സ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പാലക്കാട്ടുകാര്‍.

കെട്ടിടസമുച്ചയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആവോളമുണ്ട്. എന്നാല്‍ ഒരു നെഞ്ചുവേദനയുമായി മെഡിക്കല്‍ കോളജിലേക്ക് ചെന്നാല്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും. ഗുരുതരമായ വാഹനാപകടങ്ങള്‍ വന്നാലും ഇതാണ് അവസ്ഥ. ട്രോമാ കെയര്‍ സംവിധാനമില്ല. സി.ടി, എംആര്‍ഐ സ്കാനിങ് സൗകര്യങ്ങളില്ല. കാര്‍ഡിയോളജി, യൂറോളജി എന്നീ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്ല. 120 കിടക്കകളുണ്ട്. അതില്‍ രോഗികള്‍ ചുരുക്കം. അഞ്ച് ബാച്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ പഠിച്ചുപോയത് മോര്‍ച്ചറി സംവിധാനം ഇല്ലാത്ത ഈ മെഡിക്കല്‍ കോളജിലാണ്.പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ ആദ്യത്തെ മെഡിക്കല്‍ കോളജാണിത്. 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്താണ് ഉദ്ഘാടനം. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷകാലം കാര്യമായ വികസനം ഒന്നും ഉണ്ടായില്ല. കരാര്‍ നിയമനങ്ങള്‍ ആയതുകൊണ്ട് ഡോക്ടര്‍മാര്‍ക്കും വരാന്‍ താത്പര്യമില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ പോലും പൊതുമരാമത്ത് വകുപ്പ് മെഡിക്കല്‍ കോളജിന് കൈമാറിയിട്ടില്ല. ഫണ്ടിന്‍റെ പ്രശ്നമല്ല, നടത്തിപ്പിലെ വീഴ്ചയാണ് ഈ സ്ഥാപനത്തെ തളര്‍ത്തുന്നത്. പട്ടിക ജാതി വകുപ്പിന്‍റെ ചുമതലയിലേക്ക് ജില്ലയില്‍ നിന്നുള്ള മന്ത്രി കെ.എ.തുളസി എത്തുമ്പോള്‍ നിലവിലെ ചുറ്റുപാടില്‍ ഒരു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാലക്കാട്ടുകാര്‍.

 

ENGLISH SUMMARY:

Palakkad Medical College faces significant challenges due to a lack of essential facilities and infrastructure, impacting patient care and medical education. Residents hope for urgent improvements and the establishment of critical services like a mortuary and scanning facilities.