നമ്മുടെ നാടുകളിലൊക്കെ എവിടെ നോക്കിയാലും കാണുന്ന സിംഗപ്പൂര്‍ ഡെയ്‌സി ഒരു വില്ലനാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. എന്നാൽ അങ്ങനെയാണ്.
ആളൊരു ചില്ലറക്കാരനല്ല. മറ്റു സസ്യങ്ങളെയും കാര്‍ഷിക വിളകളെയും ഇല്ലാതാക്കുന്ന ഈ അധിനിവേശ സസ്യത്തെ തടയാൻ ആനക്കര പുറമതിൽശ്ശേരി ജി.എച്ച്.ഡബ്ലു എൽ പി സ്കൂളിലെ കുട്ടികൾ കഴിഞ്ഞ അരയും മുറുക്കി ഇറങ്ങി.
ഈ സസ്യം പടർന്നു പന്തലിക്കാത്ത നാടുണ്ടാവില്ല. കാണാൻ നല്ല ഭംഗിയാണെങ്കിലും സ്വഭാവം അങ്ങനല്ല. ഒരു പ്രദേശത്ത് വ്യാപിച്ചാല്‍ മറ്റെല്ലാ ചെടികള്‍ക്കുമുകളില്‍ ആധിപത്യം സ്ഥാപിച്ച് എല്ലാത്തിനെയും ഇല്ലാതെയാക്കുന്ന അധിനിവേശ സസ്യമാണിത്. അതിവേഗം പടരുകയും ഉണങ്ങിയ പൂക്കളിലെ നൂറുകണക്കിന് വിത്തുകളിലൂടെ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന സിംഗപ്പൂര്‍ ഡെയ്‌സി സസ്യങ്ങളെയും കാര്‍ഷിക വിളകളെയും ഇല്ലാതാക്കും
തൃത്താല മേഖലയിൽ കൃഷിയിടങ്ങളിലും പാതയോരങ്ങളിലും എല്ലാം വലിയതോതിലാണ് സസ്യം പടർന്നു പന്തലിച്ചിരിക്കുന്നത്. ഈ ഭീഷണി മനസിലാക്കി കൊണ്ടാണ് ആനക്കര ജി.എച്ച്.ഡബ്ലു എൽ പി സ്കൂളിലെ കുട്ടികൾ. ചെടികൾ വേരോടെ പിഴുതെറിയുന്നതാണ് ദൗത്യം. സുസ്ഥിര തൃത്താല യൂണിറ്റ് എന്ന പേരും ഇട്ടു.
കുഞ്ഞു കൈകളുടെ ഊർജം കണ്ട് മുതിർന്നവരും ഇറങ്ങി. കുട്ടികൾക്ക് പിന്തുണയായി അധ്യാപകരും. സിംഗപ്പൂര്‍ ഡെയ്‌സി നശികരണം കൂടുതൽ വ്യാപിപ്പിക്കാൻ ആനക്കര പഞ്ചായത്ത് അധികൃതർക്ക് കുട്ടികൾ നിവേദനം കൈമാറി. ജനകീയ പങ്കാളിത്തത്തോടെ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഉറപ്പ് നൽകിയാണ് പഞ്ചായത്ത് അധികൃതർ മടങ്ങിയത്.