പാലക്കാട് അട്ടപ്പാടിയിലെ 21 വയസുകാരി പ്രിയയുടെ വീടുള്ള ഭൂമിയിൽ ഭൂമാഫിയ കണ്ണുവച്ചിരുന്നെന്ന് സി.പി.ഐ. ഒരേക്കറിനു മുകളിലുള്ള ഭൂമി സ്വന്തമാക്കാൻ ശ്രമം നടന്നെന്നും ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും കൂട്ടുനിന്നെന്നും ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി ആരോപിച്ചു. അതേസമയം പ്രിയയുടെ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് തഹസിൽദാർ വിളിച്ചു ചേർത്ത യോഗം ഇന്ന് നടക്കും. പ്രിയയെ ജില്ലാ കലക്ടർ നേരിട്ടു വിളിച്ച് നീതി ഉറപ്പു നൽകി
പാതി തകർന്ന വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കഴിഞ്ഞ പ്രിയയുടെ ദുരിതം മനോരമന്യൂസാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. വിഷയത്തിൽ സി.പി.ഐ ഉയർത്തുന്നത് കടുത്ത ആരോപണങ്ങൾ. ഭൂമിയിൽമറ്റു കുടുംബാംഗങ്ങൾക്ക് അവകാശമുണ്ടെന്നു പറഞ്ഞു ഉദ്യോഗസ്ഥർ മനപൂർവം കാലതാമസമുണ്ടാക്കിയത് ഭൂമാഫിയക്കു വേണ്ടിയാണെന്ന് സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരിയുടെ ആരോപണം. വാർഡ് മെമ്പര്‍ മുതൽ എം.എൽ.എ വരേയുള്ള ജനപ്രതിനിധികളെ പ്രിയ നേരിട്ട് കണ്ട് പരാതി നൽകിയിട്ടും ഇടപെടാത്തത് ദുരൂഹമാണെന്നും ആരോപണം
അതിനിടെ ഭൂപ്രശ്നം പരിഹരിക്കാനുള്ള നിർണായക യോഗം ഇന്ന് അഗളിയിൽ താലൂക്ക് ഓഫിസിൽ വെച്ച് നടക്കും. ഭൂമിയിൽ ഉടമസ്ഥാവകാശം ഉന്നയിക്കുന്ന കുടുംബാംഗങ്ങളുമായി തഹസിൽദാർ ചർച്ച നടത്തും. നിയമകുരുക്കുകൾ വേഗത്തിൽ അഴിച്ച് ദുരിതം പരിഹരിക്കുമെന്നും കൂടെയുണ്ടാകുമെന്നും ഇന്നലെ ജില്ലാ കലക്ടർ ജി. പ്രിയങ്ക പ്രിയയെ ഫോണിൽ വിളിച്ചു അറിയിച്ചിരുന്നു. ഭൂമിയിലെ പ്രതിസന്ധി മാറിയാൽ ഭവനനിർമാണ പദ്ധതിയിൽ അനുവദിക്കപ്പെട്ട തുക ലഭിക്കും.. പ്രിയയുടെ ദുരിതത്തിനു ഒരുവിധമെങ്കിലും പരിഹാരമാകും.