പാലക്കാട് അട്ടപ്പാടിയിൽ വീടു തകർന്ന് അപകടത്തിൽപെട്ട സഹോദരങ്ങളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. അഗളിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ഊരിലെത്തിച്ചായിരുന്നു സംസ്കാരം. അപകടത്തിൽ പരുക്കേറ്റ ആറുവയസുകാരി അഭിനയ ചികിത്സയിൽ തുടരുകയാണ്.
ഒരു നാടു ഒന്നിച്ചു പരിസരം മറന്നു കരഞ്ഞു. അവർക്കിടയിൽ ഓടി കളിച്ചു വളർന്നിരുന്ന രണ്ടു കുരുന്നുകൾ ഒന്നിച്ചു മടങ്ങിയതിൽ കണ്ണീരടക്കാനായില്ല. അജയ് യുടെയും ദേവിയുടെയും മക്കളായ ആദിയും അജ്നേഷും അവർക്കത്രമേൽ പ്രിയപ്പെട്ടവരായിരുന്നു അഗളി ആശുപത്രിയിൽ വച്ച് പോസ്റ്റുമോർട്ടം കഴിഞ്ഞു 2 മണിയോടെയാണ് മൃതദേഹം ഊരിലെത്തിച്ചത്. പൊതുദർശനത്തിനു ശേഷം സമീപത്തെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ഇനി ഒരാൾക്കും ഈ അവസ്ഥ വരരുതെന്ന് ബന്ധുക്കൾ പറയുന്നുണ്ട്. അതേസമയം അപകടത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും ഇതുവരെയും മറുപടിയായിട്ടില്ല. നേരത്തിന് വാഹനം കിട്ടിയിരുന്നെങ്കിൽ ഒരാളെയെങ്കിലും രക്ഷപ്പെടുത്താമായിരുന്നുവെന്നും വീട് നിർമ്മാണം പാതിവഴിക്ക് നിലച്ചിട്ട് ഒരാളും തിരിഞ്ഞു നോക്കിയില്ലെന്നുമാണ് കുട്ടികളുടെ മാതാവ് പറഞ്ഞത്.
അപകടത്തെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണം തുടരുകയാണ്. പട്ടികവർഗ വകുപ്പും അന്വേഷിക്കും. വീഴ്ച്ചയെങ്കിൽ നടപടി ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചത്