നിരന്തര അപകടങ്ങളുണ്ടായിട്ടും മരണം സംഭവിച്ചിട്ടും പാലക്കാട് മലമ്പുഴ ഡാമിൽ സുരക്ഷയൊരുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഏറ്റവും അപകടം പിടിച്ച വൃഷ്ടി പ്രദേശങ്ങളിൽ പോലും സന്ദർശകരിറങ്ങി മുങ്ങിപോയിട്ടും അധികൃതർ ഗൗനിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്..
വേനൽകാലത്തു പോലും മലമ്പുഴ ഡാം കാണാൻ ഏറെ ഭംഗിയാണ്. ആസ്വദിക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നു പോലും ആളുകളെത്തും. എന്നാൽ ഇവിടം അശ്രദ്ധ വരുത്തി വെക്കുന്നത് വലിയ അപകടമാണ്. കഴിഞ്ഞ ദിവസം സഹോദരങ്ങളായ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചതാണ് ഒടുവിലത്തേത്.
മുമ്പും നിരവധി ജീവനുകൾ പല സമയങ്ങളിലായി പൊലിഞ്ഞിട്ടുണ്ട്. ഡാമറിയാതെ, വെള്ളമറിയാതെ ഇറങ്ങുന്നവരാണ് അപകടത്തിൽ പെടുന്നവരിൽ ഏറെയും. പരിശോധിക്കാനും സുരക്ഷയൊരുക്കാനും അധികൃതർ തയ്യാറാവാത്തതാണ് അപകടം വർധിക്കാൻ കാരണമെന്നാണ് പരാതി. പലയിടങ്ങളിലായി സൂചന ബോർഡുകൾ സ്ഥാപിച്ചതന്നൊഴിച്ചാൽ മറ്റു സജ്ജീകരണങ്ങളൊന്നുമില്ല.