ഒറ്റപ്പാലം വരോട് മേഖലയിലെ കടുത്ത ജലക്ഷാമത്തിൽ ജല അതോറിറ്റി ഓഫിസിൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രതിഷേധം. കുടങ്ങളുമായെത്തിയ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ഓഫിസ് കവാടത്തില്‍ കുത്തിയിരുന്നു.
വരോട്, വീട്ടാമ്പാറ, നാലാം മൈൽ, പടിഞ്ഞാറ്റുമുറി, കോലോത്തുകുന്ന്, ചാത്തൻ കണ്ടാർകാവ് പരിസരം എന്നിവിടങ്ങളിലാണ് കഴിഞ്ഞ 13 ദിവസമായി വെള്ളമെത്താത്തത്. രണ്ടായിരത്തോളം കുടുംബങ്ങളാണു പ്രതിസന്ധിയിൽ. ചെർപ്പുളശ്ശേരി റോഡ് നവീകരണത്തിന്‍റെ ഭാഗമായ പണികൾക്കിടെ പ്രധാന പൈപ് ലൈൻ പൊട്ടിയതാണു പ്രതിസന്ധിക്കു കാരണം.
റോഡ് നിർമാണത്തിന്‍റെ ചുമതല വഹിക്കുന്ന കെആർഎഫ്ബി ചെയ്യേണ്ട ചില അടിസ്ഥാനപരമായ ജോലികൾ പൂർത്തിയാക്കിയ ശേഷമേ പൈപ് ലൈനിൽ അറ്റകുറ്റപ്പണി നടത്താനാകൂ എന്നായിരുന്നു ജല അതോറിറ്റിയുടെ നിലപാട്. ഇത് അംഗീകരിക്കാനാകില്ലെന്നും ഇരു വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിച്ച് പ്രശ്നം പരിഹരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കെആർ എഫ്ബിയുമായി ഫോണിൽ സംസാരിച്ച ജല അതോറിറ്റി ഉദ്യോസ്ഥർ രാത്രിയോടെ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയ ശേഷമാണു പ്രതിഷേധം അവസാനിപ്പിച്ചത്. റോഡ് നിർമാണ സ്ഥലത്ത് ജല അതോറിറ്റിയുടെ മേൽനോട്ടമുണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.