നാട്ടിലിറങ്ങി ചക്കയും മാങ്ങയും തേനും കട്ടെടുത്തിരുന്ന കരടി കാലിൽ പരുക്കേറ്റതിന് പിന്നാലെ കൂട്ടിലായി. അട്ടപ്പാടി മേലെ ഭൂതയാർ, ഇടവാണി ജനവാസമേഖലകളിൽ ആറ് മാസത്തിലേറെയായി ആശങ്ക തീർത്തിരുന്ന കരടിയാണ് ആന ചവിട്ടി പരുക്കേറ്റതിന് പിന്നാലെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. തിരുവനന്തപുരം കല്ലാറിലും, കൊല്ലം തെന്മലയിലും ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി നാശമുണ്ടാക്കി.
തേനും, ചക്കയും, മാങ്ങയും വയറ് നിറയെ അകത്താക്കിയ കക്ഷിയാണ് ചികിൽസയ്ക്കായി തൃശൂരിലേക്ക് വണ്ടി കയറിയത്. ജനവാസ മേഖലയിൽ പതിവ് സാന്നിധ്യമായിരുന്ന കരടിയെ പിടികൂടാൻ നേരത്തെ വനം വകുപ്പ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ഒടുവിൽ ആന കാലിൽ ചവിട്ടി പരുക്കേറ്റതോടെ വനം വകുപ്പിന്‍റെ കൂട്ടിൽ ഇരതേടി കരടി സ്വയം എത്തുകയായിരുന്നു. വിദഗ്ധ ചികിൽസയ്ക്കായി കരടിയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റി.
കൊല്ലം തെന്മലയിൽ ജനവാസ മേഖലയിൽ രാത്രിയിൽ ഇറങ്ങിയ കാട്ടാന ഏറെനേരം നാട്ടുകാരെ ഭീതിയിലാക്കി. വനപാലകരും നാട്ടുകാരും ചേർന്നാണ് ആനയെ വനത്തിലേക്ക് തുരത്തിയത്. തിരുവനന്തപുരം കല്ലാർ ഗവൺമെന്‍റ് എൽ പി സ്കൂളിന്‍റെ സംരക്ഷണഭിത്തിയും ആനയുടെ ആക്രമണത്തിൽ തകർന്നു. പരിസരത്തെ തെങ്ങും ആന കുത്തിമറിച്ചിട്ടു.
ഇന്നലെ കോടനാട് ആനക്കൂട്ടില്‍ ചരിഞ്ഞ കാട്ടുകൊമ്പന്‍റെ തലച്ചോറിനു അണുബാധയേറ്റിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. മസ്തകത്തിലേത് 65 സെന്‍റീമീറ്റര്‍ വീതിയും ഒന്നരയടി ആഴത്തിലുമുള്ള മുറിവുണ്ടായിരുന്നതായും വനം വകുപ്പ്.