പാലക്കാട് ധോണിയിലെ കുങ്കിയാന അഗസ്ത്യന് കാട്ടുകൊമ്പന്റെ ആക്രമണത്തില്‍ സാരമായ പരുക്ക്. സോളര്‍ വേലി തകര്‍ത്ത് ഫോറസ്റ്റ് ക്യാംപിന്റെ അകത്ത് കയറിയാണ് ഒറ്റയാന്‍ അഗസ്ത്യനെ കുത്തിവീഴ്ത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതിരോധത്തിനിടയിലും കൊമ്പന്‍ ആന പരിപാലന കേന്ദ്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു. സുരക്ഷ കണക്കിലെടുത്ത് അഗസ്ത്യനൊപ്പമുണ്ടായിരുന്ന പി.ടി സെവനെ മറ്റൊരിടത്തേക്ക് മാറ്റിത്തളച്ചു.
വമ്പ് തീര്‍ന്ന് വരുതിയിലായ കുങ്കിയാന അഗസ്ത്യനെ കാടിറങ്ങിയ ഒറ്റയാന്‍ പ്രതിരോധിക്കാനിട നല്‍കാതെ ആക്രമിക്കുകയായിരുന്നു. സോളര്‍ വേലി തകര്‍ത്താണ് ധോണി ക്യാംപിലേക്ക് ഒറ്റയാന്‍ പാഞ്ഞടുത്തത്. കൊമ്പാഴ്ന്നത് മസ്തകത്തിന് താഴെ ചെവിയോട് ചേര്‍ന്ന്. സാരമായി പരുക്കേറ്റ അഗസ്ത്യനെ വനംവകുപ്പ് പ്രത്യേകം പരിചരിക്കുന്നുണ്ട്. ആക്രമിക്കാനെത്തിയ കൊമ്പനെ തുരത്തുന്നതിനിടയില്‍ പാപ്പാന്‍ ബൊമ്മന് വീഴ്ചയില്‍ പരുക്കേറ്റു.
Also Read; ട്രൈബല്‍ സ്കൂളുലെ പ്രഭാത ഭക്ഷണം മുടങ്ങി; വാര്‍ത്തയില്‍ ഇടപെടല്‍
ഒരാഴ്ചയ്ക്കിടെ മൂന്ന് തവണയാണ് രാത്രിയില്‍ കൊമ്പന്‍ അഗസ്ത്യനെ ആക്രമിച്ചത്. ഇതോടെ അഗസ്ത്യനൊപ്പം തളച്ചിരുന്ന പി.ടി സെവനെന്ന ധോണിയെ മറ്റൊരിടത്തേക്ക് മാറ്റി. കാടിറങ്ങിയെത്തുന്ന കൊമ്പന്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ ചട്ടം പഠിച്ച് ശാന്തനായി മാറിയ ധോണിയെ ആക്രമിക്കുമെന്നാണ് വനപാലകരുടെ ആശങ്ക. രാത്രിയിലെ ആക്രമണത്തെ പ്രതിരോധിക്കാന്‍ വനപാലകരും പാപ്പാന്മാരും പടക്കവുമായി കാത്തിരിപ്പ് തുടരുകയാണ്.
മദപ്പാടുള്ള ഒറ്റയാനാണ് കാടിറങ്ങുന്നതെന്നും സോളര്‍ വേലിയുടെ പ്രതിരോധവും പടക്കം പൊട്ടിച്ചുള്ള പേടിപ്പെടുത്തലും ആനയെ അകറ്റാന്‍ സഹായിക്കുമെന്നാണ് വനംവകുപ്പ് വിശദീകരണം. കാടിറങ്ങിയെത്തുന്ന കൊമ്പനെ കൃത്യമായി പ്രതിരോധിക്കാന്‍ വനംവകുപ്പ് ഇടപെടല്‍ വേണം. ക്യാംപില്‍ പരിപാലിക്കുന്ന ആനയെ ആക്രമിക്കുന്നത് ഗൗരവത്തോടെ കാണുന്നുവെന്ന് വനംവകുപ്പ് വിശദീകരം.