TOPICS COVERED

ഭാഗ്യാന്വേഷികളുടെ സ്വന്തം ജില്ല; പാലക്കാട്ട് തിരുവോണം ബംപര്‍ ലോട്ടറി വില്‍പ്പനയിലും കുതിപ്പ്. ഭാഗ്യാന്വേഷികളുടെ സ്വന്തം ജില്ലയായ പാലക്കാടിന് തിരുവോണം ബംപര്‍ ലോട്ടറി വില്‍പ്പനയിലും കുതിപ്പ്. ബംപര്‍ സമ്മാനം പലതവണ സ്വന്തമാക്കിയ ജില്ലയില്‍ ഇത്തവണ അഞ്ച് ലക്ഷത്തിലേറെ ടിക്കറ്റുകള്‍ ഇതിനകം വിറ്റ് കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ പലരും പാലക്കാട്ടെത്തി ലോട്ടറി വാങ്ങുന്ന പതിവ് കൂടിയിട്ടുണ്ടെന്ന് വ്യാപാരികള്‍. 

വരൂ. വന്നൊരു ലോട്ടറിയെടുക്കൂ. കോടിപതിയായി മടങ്ങൂ. ഇത് വെറുമൊരു അറിയിപ്പല്ല. ഒറ്റ തീരുമാനത്തില്‍ ജീവിതം മാറ്റിമറിയ്ക്കാനുള്ള അവസരമെന്ന് ഓര്‍മപ്പെടുത്തല്‍. ഭാഗ്യം വിരിയുന്ന പാലക്കാടന്‍ വീഥികളില്‍ തിരുവോണം ബംപര്‍ ലോട്ടറി വില്‍പ്പന പൊടിപൊടിക്കുകയാണ്. ഓഫറുകളൊന്നുമില്ലെങ്കിലും അതിര്‍ത്തി കടന്ന് ഭാഗ്യം തേടുന്നവര്‍ ഉള്‍പ്പെടെ ഇതിനകം അഞ്ഞൂറ് രൂപ ടിക്കറ്റ് സ്വന്തമാക്കി. 

കോടികളുടെ കിലുക്കമുള്ള ബംപര്‍ വില്‍പ്പനയില്‍ വ്യാപാരികളും വലിയ പ്രതീക്ഷയിലാണ്. അഞ്ച് ലക്ഷത്തിലേറെ ടിക്കറ്റുകള്‍ പാലക്കാട് മാത്രം ഇതിനകം വിറ്റ് കഴിഞ്ഞതിനാല്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ വില്‍പ്പന കുതിക്കുമെന്നാണ് വിലിയിരുത്തല്‍.‌‌‌ ബംപര്‍ നേട്ടത്തിന്‍റെ ജില്ലയെന്ന പെരുമയാണ് പാലക്കാടിന്റെ പ്രത്യേകത. ടിക്കറ്റെടുക്കാന്‍ അതിര്‍ത്തി കടന്നും കുടുംബസമേതം പലരുമെത്തുന്നത് ഓണക്കാല കാഴ്ചയാണ്. ബംപറാണ്. കിട്ടിയാല്‍ ജീവിതവും കളറാവില്ലേയെന്ന് ഇവരുടെ പ്രതീക്ഷ.

ENGLISH SUMMARY:

Palakkad Thiruvonam Bumper Lottery sales surged