ഓംബുഡ്സ്മാന്റെ ഉത്തരവുണ്ടായിട്ടും കര്‍ഷകരെ കയ്യൊഴിഞ്ഞ് പാലക്കാട് തരൂര്‍ ഗ്രാമപഞ്ചായത്ത്. ഹെക്ടര്‍ കണക്കിന് കൃഷിയിടത്തിലേക്കും വീടുകളിലേക്കും എത്തിപ്പെടാന്‍ കഴിയുന്ന കാരമല നെല്ലിപ്പാടം ചിറക്കോട് റോഡ് ചെളിയില്‍ പൂണ്ടുപോവാതെ സംരക്ഷിക്കാന്‍ നടപടിയില്ല. വളം ഉള്‍പ്പെടെ കൃഷിയിടത്തിലേക്കെത്തിക്കാന്‍ കര്‍ഷകര്‍ കിലോമീറ്ററുകള്‍ ചുറ്റണം.
ചിറക്കോട് പാടശേഖരം നൂറുമേനി കൊയ്യുന്ന പട്ടികയിലാണ്. എല്ലുമുറിയെ പണിയെടുത്ത് പത്തായം നിറയ്ക്കാന്‍ ഒരേ മനസോടെ ചേറിലേക്കിറങ്ങുന്ന കര്‍ഷകരുള്ള മണ്ണ്. ചേറിലേക്കിറങ്ങുന്നവര്‍ കരയിലേക്ക് കയറിയാലും ചേറ് താണ്ടി നീങ്ങണമെന്ന ദുരവസ്ഥയ്ക്ക് ഒരുകാലത്തും പരിഹാരമില്ലാത്തതാണ് പ്രതിസന്ധി. പാടശേഖരത്തേയ്ക്കുള്ള ഒരേയൊരു വഴി ഉദ്യോഗസ്ഥരുടെ നിസംഗത തുടരുന്നതിനാല്‍ വിത്തെറിഞ്ഞ് നെല്ല് മുളപ്പിക്കാന്‍ പാകത്തിലുള്ള കണ്ടം പോലെയായി.
ഓംബുഡ്സ്മാന്റെ ഉത്തരവുണ്ടായിട്ടും റോഡ് പോയിട്ട് നടവഴി പോലും നിര്‍മിക്കാന്‍ പഞ്ചായത്തിന് മനസില്ലെന്ന് കര്‍ഷകര്‍. നിര്‍മാണം നടക്കേണ്ട റോഡുകളുടെ പട്ടികയില്‍ മൂന്ന് തവണ ഉള്‍പ്പെട്ടെങ്കിലും പിന്നീട് ഒഴിവാക്കി. ഓംബുഡ്സ്മാനെ നാട്ടുകാര്‍ സമീപിച്ചതില്‍ സിപിഎം ഭരണസമിതിക്കുള്ള വൈരാഗ്യമെന്നാണ് ഒരുവിഭാഗം പറയുന്നത്. ഇതിനിടയില്‍ സ്വകാര്യവ്യക്തികളില്‍ ചിലര്‍ സ്വന്തമായുള്ളതിനെക്കാള്‍ കൂടുതല്‍ സ്ഥലം വേലികെട്ടി സ്വന്തമാക്കി. നിര്‍മാണം ഉപേക്ഷിച്ചിട്ടില്ലെന്നും കര്‍ഷകരുടെ ആശങ്ക വേഗത്തില്‍ പരിഹരിക്കുമെന്നും പഞ്ചായത്ത് ഭരണസമിതി.