രാത്രിയുടെ മറവില്‍ വാളയാര്‍ ഉപ്പുക്കുഴിയില്‍ ദേശീയപാതയോരത്ത് അടഞ്ഞ് കിടക്കുന്ന സ്വകാര്യ കമ്പനിയോട് ചേര്‍ന്ന് ലോഡ് കണക്കിന് ആശുപത്രി മാലിന്യം തള്ളി. കൃഷിയിടത്തിലേക്കുള്ള ജലവിതരണം തടസപ്പെടുന്നതിനൊപ്പം കിണറുകള്‍ മലിനപ്പെടാനും സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക.
ആശുപത്രി മാലിന്യമാണ് ഏറെയും. സിറിഞ്ചും, പഞ്ഞിയും, കിടക്കയും ഉള്‍പ്പെടെ സകലതും രാത്രിയില്‍ ഉപേക്ഷിച്ചതിലുണ്ട്. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ഉപ്പുക്കുഴിയിലെ സ്വകാര്യ കമ്പനി വളപ്പിലാണ് മാലിന്യം തള്ളിയിട്ടുള്ളത്. മഴ കനക്കുന്നതിനാല്‍ മാലിന്യം സമീപത്തെ കിണറുകളിലേക്ക് ഒഴുകിയിറങ്ങും. കൃഷിയിടങ്ങളിലേക്കുള്ള ജലമൊഴുക്ക് തടസപ്പെടുത്തുന്ന മട്ടിലാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്.
മാലിന്യം തള്ളിയിരിക്കുന്നതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പുഴയും, നിരവധി കൈത്തോടുകളും, കുളങ്ങളുമുണ്ട്. ഇവിടേക്ക് മലിനജലം എത്തുമെന്ന ആശങ്കയാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും പങ്കുവയ്ക്കുന്നത്. ആരാണ് മാലിന്യം കൊണ്ടിട്ടതെന്ന് കണ്ടുപിടിക്കാന്‍ നിയമപരമായ വഴികള്‍ തേടുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. മാലിന്യം വേഗത്തില്‍ നീക്കിയില്ലെങ്കില്‍ ഹെക്ടര്‍ കണക്കിന് നെല്‍കൃഷിയെ ബാധിക്കുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.