മഴയിൽ വീട് നിലം പൊത്തുമെന്ന പേടിയിൽ ഉറങ്ങാതെ ചായ്പിൽ മൂടിപ്പുതച്ചിരുന്ന് നേരം വെളുപ്പിച്ചിരുന്ന പാലക്കാട് തെക്കേ മലമ്പുഴ സ്വദേശികളായ വൃദ്ധ ദമ്പതികൾക്ക് ആശ്വാസം. ജോണിയുടെയും മോളിയുടെയും സങ്കടം മനോരമ ന്യൂസിലൂടെ പുറം ലോകമറിഞ്ഞതിന് പിന്നാലെ നിരവധി പേരാണ് സഹായ വാഗ്ദാനവുമായി എത്തിയിട്ടുള്ളത്. ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിക്കാതെ പഞ്ചായത്ത് കയ്യൊഴിഞ്ഞെങ്കിലും ഇവരെ കൈവിടാതെ ചേർത്തു പിടിക്കുകയാണ് സമൂഹ നന്മ.
സങ്കടങ്ങളുടെ തീരാ മഴയായിരുന്നു. മനസ് നിറയെ ഒന്നൊഴിയാതെ നോവിന്‍റെ പേമാരിയും. മനോരമ ന്യൂസിലൂടെ ദമ്പതികളുടെ ഈ നൊമ്പരം പുറം ലോകമറിഞ്ഞതോടെ ചേർത്തുപിടിക്കാൻ നിരവധിപേർ മുന്നോട്ട് വന്നിട്ടുണ്ട്. പൊട്ടിയ ഓട് കൂരയുടെ മുകളിൽ ടാർപോളിൻ മൂടിയതിനാൽ തൽക്കാലം വീട്ടിനുള്ളിൽ മഴവെള്ളമിറങ്ങാതെ സുരക്ഷയാവും. മഴ മാറിയാൽ പൂർണ സുരക്ഷിത സംവിധാനമൊരുക്കാൻ യുവജന സംഘടനകളും വിവിധ വ്യക്തികളും സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്.