മലപ്പുറം വഴിക്കടവ് രണ്ടാംപാടത്ത് പുലി കൂട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ ആക്രമിച്ചു കൊന്നു. വനപാലകരുടെ നിരീക്ഷണവും പട്രോളിങ്ങും തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണം. ഭീതിയൊഴിയാതെ വനാതിർത്തിയിലെ നാട്ടുകാർ.
രണ്ടാംപാടത്തെ വീണ്ടും ഭീതിയിലാഴ്ത്തിയാണ് പുലിയുടെ ആക്രമണം. നെല്ലിക്കുത്ത് വനാതിർത്തിയോട് ചേർന്ന കല്ലുകുളം തങ്കമ്മയുടെ വീട്ടുമുറ്റത്താണ് പുലിയെത്തിയത്.
കൂട്ടിൽ ചങ്ങലയിൽ കെട്ടിയിട്ടിരുന്ന നായയെ രാത്രി എത്തിയ വന്യമൃഗം പുറത്തേക്ക് വലിച്ചിറക്കി കഴുത്തിൽ കടിച്ചുകൊന്നു. ചങ്ങലയിൽ ബന്ധിച്ചിരുന്നതിനാൽ നായയെ വലിച്ചുകൊണ്ടുപോകാനായില്ല.
കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് വളർത്തുമൃഗങ്ങൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും പട്രോളിങ് ശക്തമാക്കുകയും ചെയ്തു. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.