മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ 14 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചതിൽ ചീഫ് എൻജിനീയറുടെ റിപ്പോർട്ട് ഇന്നോ നാളെയോ വൈദ്യുതിമന്ത്രിക്ക് കൈമാറും. വിദ്യാർഥി ഷോക്കേറ്റ് മരിക്കാൻ ഇടയായ സാഹചര്യം ഉദ്യോഗസ്ഥ വീഴ്ചയാണെന്ന ആരോപണം ശക്തമായതോടെയാണ് ചീഫ് എൻജിനീയറോട് റിപ്പോർട്ട് നൽകാൻ മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ ഡിവൈഎഫ്ഐയും യൂത്ത് ലീഗും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇന്നും കെഎസ്ഇബി ഓഫീസ് ഉപരോധിക്കാനാണ് വിവിധ രാഷ്ട്രീയ സംഘടനകളുടെ തീരുമാനം.
അതേസമയം സംഭവത്തില്‍ മാപ്പു പറഞ്ഞ് കെ.എസ്.ഇ.ബി രംഗത്തെത്തി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും കെഎസ്ഇബി അറിയിച്ചു. അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാകും. തിരൂര്‍ ഇലക്ട്രിക്കല്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അപകടസാധ്യത കണ്ടാല്‍ വിവരങ്ങൾ 9496010101 എന്ന നമ്പരിലേക്ക് വാട്സാപ്പ് ചെയ്യണമെന്നും കെഎസ്ഇബി അറിയിച്ചു.
വീടിന് സമീപത്തെ വയലിൽ ഇറങ്ങിയ ട്രാക്ടർ കാണാനും കളിക്കാനുമായി മൂന്നു സുഹൃത്തുക്കൾക്കൊപ്പം എത്തിയ പതിനാലുകാരന് ജുനൈദാണ് സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറയിൽ ഷിഹാബുദ്ദീന്റെ മകനാണ്. ജുനൈദിന് ഷോക്കേറ്റെന്ന് മനസ്സിലായതോടെ മറ്റു കുട്ടികളോട് മാറിനിൽക്കാൻ ട്രാക്ടർ ഡ്രൈവർ ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെയും ഇതേ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റിട്ടുണ്ടെന്നും കെഎസ്ഇബിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. അതേസമയം, മരിച്ച ജുനൈദിന്റെ മൃതദേഹം കബറടക്കി.