കഴിഞ്ഞമാസം അനുമതിയില്ലാതെ വി.ഇ.എച്ച് ഗ്ലോബൽ കമ്പനിയില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയതില്‍ മറ്റന്നാള്‍ മറുപടി നല്‍കണമെന്ന് റെഗുലേറ്ററി കമ്മിഷന്‍റെ കര്‍ശന നിര്‍ദേശം. കെ.എസ്.ഇ.ബി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ വ്യക്തതക്കുറവുണ്ടെന്നും യൂണിറ്റിന് 11 രൂപ നല്‍കേണ്ടി വന്ന സാഹചര്യം വിശദീകരിക്കണമെന്നും കത്തിലുണ്ട്. കാറ്റില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയ്ക്ക് 4 രൂപ 50 പൈസ വരെ പരമാവധി വിലയുള്ളപ്പോള്‍ മൂന്നിരട്ടി വില നല്‍കി വാങ്ങിയതില്‍ ഗുരുതര സംശയങ്ങളാണ് കമ്മിഷന്‍ ഉയര്‍ത്തിയിട്ടുള്ളത്.
വിഇഎച്ച് ഗ്ലോബൽ കമ്പനിക്ക് എച്ച്പി–ടാം വിപണിയിൽ വൈദ്യുതി വിൽക്കാൻ അർഹതയില്ലെന്ന കേന്ദ്ര ചട്ടം നിലനില്‍ക്കെ ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങിയതെങ്ങനെ? ഒരേസമയം വൈദ്യുതി ഉൽപാദക കമ്പനിയും വിപണന കമ്പനിയുമായ വിഇഎച്ച് ഗ്ലോബൽ ഇതിൽ ഏതുനിലയിലാണു കരാറില്‍ ഏര്‍പ്പെട്ടത്? ടെൻഡറിൽ പങ്കെടുക്കുകയോ റഗുലേറ്ററി കമ്മിഷനെ സമീപിച്ച് വില നിശ്ചയിക്കുകയോ ചെയ്യാതെ എങ്ങനെയാണ് വില നിര്‍ണയിച്ചത്? കാറ്റിൽ നിന്നുള്ള വൈദ്യുതിക്ക് ശരാശരി 4 രൂപ മുതല്‍ 4 രൂപ 50 പൈസ വരെ വിലയുള്ളപ്പോൾ മൂന്നിരട്ടിയോളം ഉയർന്ന വില നൽകി വാങ്ങിയതെന്തിന്? ഒക്ടോബർ 1 മുതൽ വൈദ്യുതി വാങ്ങാൻ സെപ്റ്റംബർ 22ന് തന്നെ കരാറിന് സർക്കാർ അനുമതി നൽകിയെങ്കിൽ അതിൽ അടിയന്തര സ്വഭാവമില്ല. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സമയം കമ്മിഷനെ അറിയിക്കാത്തതെന്ത്? അടിയന്തര സാഹചര്യങ്ങളിൽ ടെൻഡറില്ലാതെ വൈദ്യുതി വാങ്ങുമ്പോൾ പതിനഞ്ച് ദിവസത്തിനുള്ളിൽ റഗുലേറ്ററി കമ്മിഷന്‍റെ അനുമതി തേടണം. ഈ കരാറിൽ ഒന്നര മാസത്തോളം വൈകിയത് എന്തുകൊണ്ട്? തുടങ്ങി പതിനഞ്ചിലേറെ സംശയങ്ങള്‍ നിരത്തിയാണ് റെഗുലേറ്ററി കമ്മിഷന്‍ കെ.എസ്.ഇ.ബിക്ക് കത്ത് നല്‍കിയത്.
നേരത്തെ, അടിയന്തര ആവശ്യം പരിഹരിക്കാൻ വിഇഎച്ച് ഗ്ലോബൽ എന്ന കമ്പനിയുമായി ഉഭയകക്ഷി കരാറിൽ ഏർപ്പെടാനുള്ള അനുമതി നൽകണമെന്ന് കെഎസ്ഇബി സിഎംഡി എന്ന നിലയിൽ എം.ജി.രാജമാണിക്യം സർക്കാരിനു നൽകിയ അപേക്ഷയ്ക്ക്, അന്ന് ഊർജ സെക്രട്ടറിയുടെ ചുമതലകൂടി വഹിച്ചിരുന്ന അദ്ദേഹം തന്നെയാണ് അനുമതി നൽകിയത്. യൂണിറ്റിന് 10 രൂപയിൽ കൂടുതൽ വിലയ്ക്കു വൈദ്യുതി വിൽക്കാൻ അനുമതിയില്ലാത്ത കമ്പനിയാണിതെന്നു വ്യക്തമായിരിക്കെയാണ് 11 രൂപയ്ക്കു വൈദ്യുതി വാങ്ങാൻ സർക്കാർ അംഗീകാരം നൽകിയതെന്ന് ഊർജ സെക്രട്ടറി എന്ന നിലയിൽ രാജമാണിക്യം അയച്ച കത്തിൽ വ്യക്തമാണ്. കാറ്റിൽനിന്നുള്ള വൈദ്യുതിയാണ് ലക്ഷങ്ങള്‍ അധികം നല്‍കി കെ.എസ്.ഇ.ബി വാങ്ങിയത്.