തിരുനാവായ കൊടക്കലിൽ ജിന്നിന്റെ പേരിൽ ആത്മീയ ചികിത്സയുടെ മറവിൽ പണം തട്ടിയെന്ന ആരോപണമുയർന്ന സ്ഥാപനത്തിനെതിരെ നാട്ടുകാരുടെ ഇടപെടൽ. മന്ത്രിച്ച് ഊതിയ നേന്ത്രപ്പഴമെന്ന് വിശ്വസിപ്പിച്ച് ഒരു പഴം 2,500 രൂപയ്ക്ക് വിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നാട്ടുകാർ രംഗത്തെത്തിയത്.
ആലപ്പുഴ സ്വദേശി ജമാലുദ്ധീന്റെ നേതൃത്വത്തിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. താൻ കായൽപ്പട്ടണം ഔലിയാക്കളുടെ പേരക്കുട്ടി സി.എം. ഉസ്താദാണെന്നായിരുന്നു സ്ഥാപനത്തിന്റെ നടത്തിപ്പുകാരുടെ അവകാശവാദം. ‘ജിന്ന് മന്ത്രിച്ച പഴം’, ‘ജിന്ന് മന്ത്രിച്ച തേൻ’ തുടങ്ങിയ പേരുകളിൽ വിവിധ വസ്തുക്കൾ വിൽപ്പന നടത്തിയിരുന്നതായാണ് ആരോപണം. ജിന്നാണെന്ന് വിശ്വസിപ്പിക്കുന്നതിനായി ഒരാളെ സദസ്സിൽ മൂടിപ്പുതച്ചിരുത്തുകയും ചെയ്തിരുന്നു. ജിന്ന് മന്ത്രിച്ച പഴം കഴിക്കുകയോ തേൻ കുടിക്കുകയോ ചെയ്താൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നായിരുന്നു അവകാശവാദം.
ഒരു എത്തപ്പഴം 2,500 രൂപയ്ക്ക് വിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തായത്. പഴം കഴിക്കുമ്പോൾ തന്നെ അത്ഭുതം കാണാൻ കഴിയുമെന്ന് നടത്തിപ്പുകാരൻ അബു അലവി അവകാശപ്പെട്ടിരുന്നു. എന്നാൽ, സമൂഹമാധ്യമങ്ങളിലൂടെ പഴത്തിലെ ‘അത്ഭുത’ത്തിന്റെ രഹസ്യം പുറത്തുവന്നതോടെ സംഭവം കൂടുതൽ ചർച്ചയായി. പഴത്തിനുള്ളിലേക്ക് സൂചി കടത്തി ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചാൽ സമാനമായ രീതിയിൽ പഴം മുറിച്ചെടുക്കാൻ കഴിയുമെന്ന് പലരും ചൂണ്ടിക്കാട്ടി.
മറ്റു സ്ഥലങ്ങളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നതടക്കം പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് നാട്ടുകാരുടെ ഇടപെടലിലാണ് സ്ഥാപനം പൂട്ടിയത്.