സംസ്ഥാന സർക്കാർ പൊന്നാനിയിൽ പി.പി.പി മാതൃകയിൽ ആരംഭിക്കാനിരിക്കുന്ന ആധുനിക കപ്പൽ നിർമാണശാലയുടെ പ്രവർത്തനങ്ങളെ സ്ഥലം എംഎൽഎ തന്നെ തടസപ്പെടുത്തുന്നതായി സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി. കെ.പി നൗഷാദ് എംഎൽഎ പദ്ധതി തടഞ്ഞാൽ വന്‍ പ്രതിഷേധം ആരംഭിക്കുമെന്ന് സി.പി.എം നേതൃത്വം.
മാരിടൈം ബോർഡിന്‍റെ മുൻകയ്യിൽ 29 ഏക്കർ ഭൂമിയിലാണ് ആധുനിക കപ്പൽ നിർമാണശാല സ്ഥാപിക്കാൻ ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്ക് ടെൻഡർ ലഭിച്ചത്. കമ്പനി ഫാക്ടറി സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ സ്ഥലം എംഎൽഎ തന്നെ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നു എന്ന ആക്ഷേപവുമായി സിപിഎം രംഗത്തെത്തിയത്.
ദീർഘകാലത്തിനുശേഷമാണ് പൊന്നാനി നിയമസഭാ മണ്ഡലം സിപിഎമ്മിന്‍റെ കയ്യിൽ നിന്ന് കെ.പി നൗഷാദലിയിലൂടെ കോൺഗ്രസ് പിടിച്ചെടുത്തത്. അതുകൊണ്ടുതന്നെ കപ്പൽ നിർമ്മാണശാലയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള തർക്കമായി മാറുകയാണ്.