പട്ടാപ്പകൽ പോലും ജനവാസ മേഖലകളിൽ എത്തുന്ന കാട്ടുപന്നികളെകൊണ്ട് പൊറുതിമുട്ടി നാട്ടുകാർ. ഓട്ടോ ഓടിക്കുമ്പോൾ മലപ്പുറം വണ്ടൂർ നടുവത്ത് രാജീവ് നഗറിൽ കൊമ്മഞ്ചേരി സതീഷ്നാണ് കാട്ടുപന്നി ആക്രമണത്തിൽ സാരമായി പരുക്കേറ്റത്.
കഴിഞ്ഞ ദിവസം പുലർച്ചെ ചെമ്മരം പള്ളിപടിയിൽ വച്ചാണ് സതീഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് കാട്ടുപന്നിയെത്തിയത്. കാട്ടുപന്നിയെ ഇടിച്ചിട്ട ഓട്ടോറിക്ഷയും മറിഞ്ഞു. സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സതീഷിനെ തേറ്റ കൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു. പന്നിയുടെയുടെ കുത്തേറ്റ സതീഷ് ഒട്ടോയുടെ അടിയിൽ കുടുങ്ങുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ സമീപ വാസികളാണ് സതീഷിനെ ആശുപത്രിയിൽ എത്തിച്ചത്.
ഇപ്പോൾ കോഴികോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള സതീഷിന്‍റെ ഇടതു കൈയ്ക്കും, ഇടതുകാലിനുമാണ് പരുക്കേറ്റത്. പന്നിയുടെ കുത്തേറ്റ് എല്ലിൽനിന്നും മാംസം വേർപെട്ടതിനാൽ പ്ലാസ്റ്റിക് സർജറി ആവശ്യമാണ്.