മലപ്പുറം പാങ്ങില്‍ ഒറ്റ ദിവസം കൊണ്ട് അനാഥമായത് ഒന്‍പത് കുടുംബങ്ങള്‍ മാത്രമല്ല, ഒരു സ്കൂള്‍ തന്നെയാണ്. പാങ് ജിഎല്‍പി സ്കൂളില്‍ ഇനി അവശേഷിക്കുന്നത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും മാത്രം. ഒന്‍പത് പേരില്‍ അജിത ടീച്ചറുടേയും ആശ ടീച്ചറുടേയും സംസ്ക്കാരം ഇന്നലെ ഏറെ വൈകിയാണ് പൂര്‍ത്തിയാക്കിയത്.
ഈ അവധിക്കാലം തീര്‍ന്ന് കുരുന്നുകളെല്ലാം തിരികെയെത്തുമ്പോള്‍ സ്വീകരിക്കാന്‍ ഇവരുണ്ടാകില്ല. കളിചിരിയും തമാശയുമായി പ്രവേശനോല്‍സവം കളറാക്കാന്‍ ഇവര്‍ ഓടി നടക്കില്ല. സ്കൂള്‍ തുറക്കുമ്പോള്‍ കാണാമെന്ന് പറഞ്ഞ് വേനലവധിക്ക് സന്തോഷത്തോടെ പോയവരാണ് ഇന്ന് മണ്ണോട് ചേര്‍ന്നിരിക്കുന്നത്. ഇനി സ്കൂളില്‍ അവശേഷിക്കുന്നത് എല്‍കെജി വിഭാഗത്തിലെ രണ്ട് അധ്യാപികമാരും എല്‍പി വിഭാഗത്തിലെ അധ്യാപികയും ഒരു പ്യൂണും മാത്രം.
വേനലവധി കഴിഞ്ഞ് വരുമ്പോള്‍ ഈ ജീവനക്കാര്‍ക്കും മറ്റു കുട്ടികള്‍ക്കും എങ്ങനെ ചിരിക്കാനാകും. ശിഷ്യരും സഹപ്രവര്‍ത്തകരും നാട്ടുകാരുമടക്കം അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ഒട്ടേറേപ്പേര്‍ ഓടിയെത്തി. പാങ് സ്കൂളിന് മറക്കാന്‍ പറ്റാത്ത, ഒരു കാലത്തും ഉണങ്ങാത്ത മുറിവായി ഈ വേനലവധി മാറി. ഇനിയൊരു യാത്രയെക്കുറിച്ച് ആലോചിക്കാന്‍ പോലുമാകാത്ത അവസ്ഥയിലായി ഇവര്‍.