സന്നദ്ധ സേവനത്തിനായി പണം കണ്ടെത്താൻ മലപ്പുറം പാണ്ടിക്കാട് നിർമിച്ചു നൽകിയത് ഒന്നര ലക്ഷം ഗ്ലാസ് പായസം. പാണ്ടിക്കാട് സാന്ത്വനം പെയിൻ ആന്റ് പാലിയേറ്റിവ് സൊസൈറ്റിയുടെ ധനശേഖരണാർഥമാണ് പായസ ചാലഞ്ച് സംഘടിപ്പിക്കുന്നത്.
മധുര സാന്ത്വനം എന്നു പേരിട്ടിരിക്കുന്ന പാലട പായസ ചലഞ്ചിനായി ഒരടുക്കളയിൽ തയാറാക്കിയത് 22000 ലീറ്ററിലേറെ. ലിറ്ററിന് 250 രൂപ നിരക്കിൽ 50 ലക്ഷം രൂപയാണ് സമാഹരിക്കുന്നത്. പാണ്ടിക്കാട് - കീഴാറ്റൂർ പഞ്ചായത്തുകളിലായി 300 ലേറെ രോഗികൾക്കായി സാന്ത്വനം പാലിയേറ്റീവ് കെയർ പരിചരണം നൽകുന്നുണ്ട്. പ്രവർത്തന ഫണ്ട് സമാഹരിക്കുന്നതിനായാണ് ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ ചാലഞ്ച് സംഘടിപ്പിച്ചത്.
പാണ്ടിക്കാട്, കീഴാറ്റൂർ പഞ്ചായത്തുകളിലായി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ളവർ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, ക്ലബ്ബുകൾ, ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. പാലട ചലഞ്ചിനായുള്ള 20 ലക്ഷം രൂപ ചിലവ് സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തിയത്.