മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഫിറ്റ്നസ് നഷ്ടമായ പ്രധാന കെട്ടിടത്തിലുണ്ടായിരുന്ന കാഷ്വാലിറ്റി അടക്കമുളള എല്ലാ വിഭാഗങ്ങളുടേയും പ്രവര്‍ത്തനം നിര്‍ത്തി. ബലക്ഷയം സംഭവിച്ചുവെന്ന് രേഖാമൂലം അറിയിപ്പു ലഭിച്ചിട്ടും കെട്ടിടത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തുടരുന്ന വാര്‍ത്ത മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ഡിഎംഒയുടെ ഉത്തരവ്.
ബലക്ഷയം സംഭവിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റിയും, നിഴ്സിങ് ഓഫീസും, ഫാര്‍മസി സ്റ്റോറും, ഫിസിയോ തെറാപ്പി യൂണിറ്റും, കാരുണ്യ ഇന്‍ഷുറന്‍സ് ഓഫീസുമെല്ലാം മാറ്റാനാണ് നിര്‍ദേശം. ബലക്ഷയം സംഭവിച്ച കെട്ടിടത്തിനു സമീപം ആരും നില്‍ക്കരുതെന്നും നോട്ടീസ് പതിക്കും. ആശുപത്രിയുടെ മുഴുവന്‍ പ്രവര്‍ത്തനവും പിന്‍വശത്തുളള ചെറിയ കെട്ടിടത്തിലേക്ക് ചുരുങ്ങും.
116 ബെഡ്ഡുളള താലൂക്ക് ആശുപത്രിയില്‍ ഇപ്പോള്‍ 20പേരെ കിടത്തി ചികില്‍സിക്കാനാണ് സൗകര്യമുളളത്. അഗ്നിബാധയെ തുടര്‍ന്ന് ഓപ്പറേഷന്‍ തീയേറ്റര്‍ കഴിഞ്ഞ മൂന്ന് മാസമായി പൂട്ടി കിടക്കുകയാണ്. ദിവസവും ഒപിയില്‍ ആയിരത്തില്‍ അധികം രോഗികള്‍ എത്തുന്നുണ്ട്. നഗരത്തിലെ മറ്റൊരു കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മാറ്റണമെന്നാണ് നിര്‍ദേശം. പുതിയ കെട്ടിടം നിര്‍മിക്കാന്‍ 10 കോടിയുടെ കേന്ദ്രഫണ്ട് അനുവദിച്ചിട്ടുണ്ട്. പഴയത് പൊളിച്ചു നീക്കി എത്രയും വേഗം പുതിയ കെട്ടിയ നിര്‍മിക്കണമെന്നാണാവശ്യം.